Oil: ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ; കാരണം ഇത്

മിക്ക വീടുകളിലും നാം വറുക്കാനോ പൊരിയ്ക്കാനോ എല്ലാം ഉപയോഗിക്കുന്ന എണ്ണ(Oil) വീണ്ടും ഉപയോഗിക്കാറുണ്ട്. ഇത് പല തവണയാകുമ്പോള്‍ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കാം. അതേസമയം, വീടുകളിലെ അവസ്ഥയെക്കാള്‍ എത്രയോ മടങ്ങ് ഭീകരമാണ് റസ്റ്റോറന്റുകളിലെയോ ബേക്കറികളിലെയോ അവസ്ഥ. ആഴ്ചകളും മാസങ്ങളും ഉപയോഗിച്ച എണ്ണ തന്നെ ഉപയോഗിക്കുന്ന എത്രയോ കടകള്‍ ഇത്തരത്തിലുണ്ട്.

ഇങ്ങനെ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ഹൃദ്രോഗത്തിന് വരെ കാരണമാകാം. ഇന്ന് ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ‘കൊറോണറി ആര്‍ട്ടറി ഡിസീസ്’ (സിഎഡി) എന്നറിയപ്പെടുന്ന ഹൃദ്രോഗം വലിയ രീതിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

പ്രധാനമായും ഭക്ഷണത്തിലെ അശ്രദ്ധയാണ് ഇതിലേക്ക് അധികപേരെയും നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു കാരണമായി വരുന്നത് ഉപയോഗിച്ച എണ്ണ തന്നെ പിന്നെയും ഉപയോഗിക്കുന്ന ശീലമാണ്.

ഉപയോഗിച്ച എണ്ണ തന്നെ പിന്നെയും ചൂടാക്കി ഉപയോഗിക്കുന്നത് ‘സാച്വറേറ്റഡ് ഫാറ്റി ആസിഡ്’, ‘ട്രാന്‍സ്- ഫാറ്റ്’ എന്നിവ കൂടുതലാക്കുന്നു. ഇത് പിന്നീട് കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊഴുപ്പ് അടിയുന്നതിലേക്കും നയിക്കുന്നു. ഹൃദയധമനികളില്‍ ഈ കൊഴുപ്പ് ബ്ലോക്കുകള്‍ സൃഷ്ടിക്കാനും കാരണമാകുന്നു. ഇങ്ങനെയാണ് സിഎഡിക്ക് ഇത് ഇടയാക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതാണ് സിഎഡി.

ഹൃദ്രോഗത്തിന് പുറമെ ക്യാന്‍സറിലേക്കും എണ്ണ വീണ്ടും ഉപയോഗിക്കുന്ന പതിവ് സാധ്യത തുറക്കാം. എണ്ണ പിന്നെയും ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ‘ആള്‍ഡിഹൈഡ്‌സ്’ ശരിക്കും വിഷപദാര്‍ത്ഥമായി തന്നെ കണക്കാക്കേണ്ടതാണ്.

പ്രമേഹം, അസിഡിറ്റി, അമിതവണ്ണം, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് മൂലമുണ്ടാകാം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ എണ്ണ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. ചെറിയ അളവില്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ കാര്യമായി എണ്ണ ബാക്കിയാകുന്ന സാഹചര്യമുണ്ടാകില്ല. അപ്പോള്‍ എണ്ണം വീണ്ടും ഉപയോഗിക്കാനായി മാറ്റിവയ്‌ക്കേണ്ടിയും വരില്ല. ഒപ്പം തന്നെ ഹോട്ടല്‍ ഭക്ഷണം പരമാവധി കുറയ്ക്കുകയും ചെയ്യുക. ഹോട്ടല്‍ ഭക്ഷണവും ബേക്കറി പലഹാരങ്ങളുമാണ് വലിയ അളവില്‍ നമുക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here