T-20: വിമന്‍സ് ട്വന്റി-20; മാള്‍ട്ട കപ്പുയര്‍ത്തിയപ്പോള്‍ താരങ്ങളായി മലയാളി പെണ്‍കുട്ടികള്‍

വിമന്‍സ് ട്വന്റി-20(Women’s T-20) ഇന്റര്‍നാഷണല്‍ സീരീസില്‍ റൊമാനിയയെ തോല്‍പിച്ച് മാള്‍ട്ട എന്ന യൂറോപ്യന്‍ രാജ്യം കപ്പ് ഉയര്‍ത്തിയപ്പോള്‍ അഭിമാന താരങ്ങളായത് ആറ് മലയാളി പെണ്‍കുട്ടികളാണ്. മലപ്പുറം മങ്കടക്കാരി ഷംലയാണ് മാള്‍ട്ട ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ .

വനിതാ കോണ്ടിനെന്റല്‍ കപ്പില്‍ ആതിഥേയരായ റൊമാനിയയെ തോല്‍പിച്ചാണ് യൂറോപ്പിലെ കുഞ്ഞു ദ്വീപ് രാഷ്ട്രമായ മാള്‍ട്ട അന്താരാഷ്ട്ര ക്രിക്കറ്റില്‍ മേല്‍വിലാസം ഉണ്ടാക്കിയത്. മൂന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്റില്‍ മൂന്നും ജയിച്ചാണ് മങ്കടക്കാരി ഷംല ചോലശേരി ക്യാപ്റ്റനായ മാള്‍ട്ട സംഘത്തിന്റെ വിജയാഘോഷം. ക്യാപ്റ്റന് പുറമെ കാസര്‍ഗോഡ് സ്വദേശി അനുപമ രമേശന്‍ , പെരുമ്പാവൂര്‍ സ്വദേശി കുക്കു കുര്യന്‍ , തൃശൂര്‍ സ്വദേശികളായ ആന്‍വി വിമല്‍ , രമ്യ വര്‍ഗീസ് , അനീറ്റ ആന്‍ സന്തോഷ് എന്നിവരാണ് ടീമിലെ മറ്റ് മലയാളികള്‍ . മാള്‍ട്ടയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ് ടീമിലെ മലയാളി താരങ്ങളെല്ലാവരുമെന്ന പ്രത്യേകതയും കൂടിയുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരും ടീമില്‍ ഉണ്ട്.ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ടീമിന് രാജ്യത്ത് വീരപരിവേഷമാണ് ഇപ്പോള്‍.

വനിതകളെ ടീമില്‍ എടുത്ത് ക്രിക്കറ്റിന്റെ ബാലപാഠം പഠിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിപ്പിച്ച് വിജയിപ്പിച്ച കോച്ച് ലീ ദക്ഷിണാഫ്രിക്കക്കാരനാണ്. ലീയുടെ സങ്കല്‍പത്തില്‍ ക്രിക്കറ്റെന്നാല്‍ പുരുഷാധികാര സമൂഹത്തില്‍ ജീവിക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്ന ലൈഫ് സ്‌കില്‍ ആണ്.മാള്‍ട്ടക്ക് അസാധ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യം സാധ്യമാക്കിയതിന് പിന്നില്‍ ലീയുടെ പരിശീലന മികവും മലയാളി പെണ്‍കുട്ടികള്‍ അടങ്ങിയ ഒരു കൂട്ടം സ്ത്രീകളുടെ കഠിനാദ്ധ്വാനവും അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമാണ്. ക്രിക്കറ്റെന്നാല്‍ ആക്രമണോത്സുകമായ ദേശീയതയുടെ പര്യായമല്ലെന്ന് തെളിയിക്കുകയാണ് ലോകത്തിന് മുന്നില്‍ യശസ്സുയര്‍ത്തിയ യൂറോപ്പിലെ ഈ കുഞ്ഞു ദ്വീപ് രാഷ്ട്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News