Oats: ഓട്‌സ് അമിതവണ്ണം കുറയ്ക്കുമോ?

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ഓട്‌സ്(Oats). ഇത് ആരോഗ്യകരവും കലോറി കുറഞ്ഞതുമായ പ്രഭാതഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിന് രുചി കൂട്ടാനും പോഷകമൂല്യം കൂട്ടാനും പഴങ്ങളോ പച്ചക്കറികളോ ചേര്‍ക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.

ഓട്സില്‍ ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കന്റെ സാന്നിധ്യം, വിശപ്പിനെ പ്രതിരോധിക്കുന്ന ഹോര്‍മോണായ ചോളിസിസ്റ്റോകിനിന്‍ വര്‍ദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നു. ലയിക്കുന്ന നാരുകള്‍ ഭക്ഷണം വേഗത്തില്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും സഹായിക്കുന്നു. ഓട്സില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന കാല്‍സ്യത്തിന്റെ 2%, 6% ഇരുമ്പ്, 1.5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

ഓട്‌സില്‍ കലോറി കുറവാണ്. കൂടാതെ പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ശരീരത്തില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം ഇത് ഹൃദ്രോഗം, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ഓട്‌സ് രണ്ട് രീതിയില്‍ കഴിക്കാം

ഓട്‌സ് സ്മൂത്തി

ഓട്‌സ് അരക്കപ്പ്
ആപ്പിള്‍ അരിഞ്ഞത് 1/2 കപ്പ്
ചെറുപഴം അരിഞ്ഞത് 1/2 കപ്പ്
ഈന്തപ്പഴം ( കുരു മാറ്റിയത് ) 3 എണ്ണം
ബദാം 4 എണ്ണം
ചൂടു വെള്ളം 1 കപ്പ്
ഇളം ചൂടുള്ള പാല്‍ 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഓട്‌സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിള്‍ , അരിഞ്ഞു വച്ചിട്ടുള്ള ചെറുപഴം, ഈന്തപ്പഴം, ബദാം എന്നിവ ചേര്‍ക്കുക. ശേഷം ഒരു കപ്പ് നല്ല ചൂടുവെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനു ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ശേഷം ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം കുടിക്കുക.

ഓട്‌സ് സൂപ്പ്

ഓട്സ് 2 ടേബിള്‍ സ്പൂണ്‍
പാല്‍ അര കപ്പ്
സവാള ഒന്നിന്റെ പകുതി
വെളുത്തുള്ളി 2 അല്ലി
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ഒരു നുള്ള്
ഓയില്‍ ആവശ്യത്തിന്
മല്ലിയില 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചേര്‍ത്തിളക്കണം.ഓട്സ് മറ്റൊരു പാത്രത്തില്‍ ആദ്യം വെള്ളം ചേര്‍ത്തു നല്ലപോലെ വേവിയ്ക്കുക. പിന്നീട് പാലു ചേര്‍ത്തും വേവിയ്ക്കണം. നല്ലപോലെ വേവാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കണം. പിന്നീട് പാകത്തിന് ഉപ്പും മല്ലിയിലയും കുരുമുളകുപൊടിയും ഇളക്കിച്ചേര്‍ക്കുക. ശേഷം ചൂടോടെ കുടിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here