ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാനം നടത്തി.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെഡറര്‍. അടുത്ത ആഴ്ച്ച ലണ്ടനിലാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കുമത്.
വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ പറഞ്ഞതിങ്ങനെ… ‘എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറര്‍ വ്യക്തമാക്കി.
ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ഫെഡറര്‍ ടെന്നീസ് കോര്‍ട്ടില്‍ സജീവമല്ലായിരുന്നു. 2003-ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിക്കൊണ്ടാണ് ഫെഡറര്‍ ടെന്നീസ് ലോകത്ത് ചരിത്രം കുറിച്ചത്. പിന്നീട് ആ റാക്കറ്റില്‍ പിറന്നത് ഇതിഹാസവിജയങ്ങള്‍.
കരിയറില്‍ എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ഫെഡറര്‍ അഞ്ച് തവണ യു.എസ്.ഓപ്പണും ആറുതവണ ഓസ്ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി. ഒരേയൊരു തവണയാണ് കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ഫെഡറര്‍ മുത്തമിട്ടത്.
നിലവില്‍ പുരുഷടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ ഫെഡറര്‍ മൂന്നാമതാണ്. റാഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പ്രായത്തെ മറികടന്ന് ഗ്രാന്റ് സ്ലാമുകള്‍ വെട്ടിപ്പിടിക്കുന്ന അത്ഭുതതാരം എന്നതിനപ്പുറം, ടെന്നീസില്‍ പ്രതിഭയുടെ ഏറ്റവും മഹനീയമായ ആവിഷ്‌കാരമായ സെര്‍വ് ആന്റ് വോളി ഗെയിമിന്റെ ഏറ്റവും മനോഹരമായ പ്രയോക്താവ് എന്ന നിലയിലാണ് റോജര്‍ ഫെഡററെ പലരും ഇഷ്ടപ്പെടുന്നത്. പവര്‍ ടെന്നീസിനെ മറികടക്കുന്ന നൈപുണ്യത്തിന്റെ ആഘോഷമാണ് ഈ സ്വിസ് താരം.
2004-ല്‍ മൂന്നു ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടി, ആദ്യമായി റോജര്‍ ഫെഡറര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 23. ആ വര്‍ഷം തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ഫെഡററുടെ ആരാധകനായ ജീസസ് അപാരിസിയോ കാറപകടത്തില്‍ ബോധരഹിതനായി. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ ആ കിടപ്പ് കിടന്നു. 2015-ല്‍ അപാരിസിയോ ബോധം വീണ്ടെടുക്കുമ്പോഴേക്കും ലോകം ഏറെ മാറി. എന്നാല്‍ തന്റെ ആരാധനാപാത്രമായ റോജര്‍ ഫെഡറര്‍ ലോക ടെന്നീസില്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് ജീസസ് അപാരിസിയോ തിരിച്ചുപോയി. ഒരു പതിറ്റാണ്ടിനെ അതിജീവിച്ച് 17 ഗ്രാന്റ്സ്ലാമുകളുമായി ലോകറാങ്കിങ്ങില്‍ അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഫെഡറര്‍. അത്രമേല്‍ സ്ഥിരതയോടെ കളിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് ഈ സ്വിസ് ഇതിഹാസം.
ടെന്നീസില്‍ സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ് ഫെഡറര്‍. 24 വര്‍ഷത്തെ കരിയറില്‍ ഫെഡറര്‍ നേടിയത് 103 കിരീടങ്ങളാണ്. ഒപ്പം ഒളിമ്പിക്സില്‍ സ്വര്‍ണവും വെള്ളിയും നേടി. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ സിംഗിള്‍സില്‍ വെള്ളി നേടിയ ഫെഡറര്‍ 2008 ഒളിമ്പിക്സില്‍ ഡബിള്‍സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഒരു തവണ ഡേവിസ് കപ്പും മൂന്ന് തവണ ഹോപ്മാന്‍ കപ്പും സ്വന്തമാക്കി.
— Roger Federer (@rogerfederer) September 15, 2022
ADVERTISEMENT
ലോക ഒന്നാം നമ്പര്‍ താരമായി 310 ആഴ്ചകളാണ് ഫെഡറര്‍ കളിച്ചത്. അതില്‍ 237 ആഴ്ചകളില്‍ തുടര്‍ച്ചായായി ഒന്നാം സ്ഥാനത്തായിരുന്നു. അത് റെക്കോഡാണ്. പുരുഷ ടെന്നീസില്‍ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുമ്പോള്‍ 36 വയസ്സും 195 ദിവസ്സവുമാണ് പ്രായം. തുടര്‍ച്ചയായി അഞ്ചുതവണ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ഏകതാരമാണ് ഫെഡറര്‍. ഓപ്പണ്‍ ഇറയില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ വിജയിച്ച പുരുഷതാരം എന്ന റെക്കോഡും ഫെഡററുടെ കൈയ്യിലാണ്. 369 വിജയങ്ങള്‍.
പരിക്കിന്റെ പിടിയിലകപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഫെഡററുടെ റാക്കറ്റില്‍ നിന്ന് ഇനിയും വിജയങ്ങള്‍ അടര്‍ന്നുവീണേനേ. പുറംവേദനയും കാല്‍മുട്ടിലും കാല്‍പ്പാദത്തിലുമേറ്റ പരിക്കുമെല്ലാം ഫെഡററെ തളര്‍ത്തി.
2021-ല്‍ പരിക്കില്‍ നിന്ന് മോചിതനായി വിംബിള്‍ഡണിലൂടെ തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ഫെഡറര്‍ പുറത്തായി. യുവതാരം ഹ്യൂബര്‍ട്ട് ഹര്‍കാക്സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് ഫെഡറര്‍ പുറത്തുപോകുമ്പോള്‍ പരിക്ക് വീണ്ടും വില്ലനായി അവതരിച്ചിരുന്നു.
രണ്ടരപ്പതിറ്റാണ്ടോളം ടെന്നീസ് ആരാധകരെ ത്രസിപ്പിച്ച ഫെഡററുടെ റാക്കറ്റ് അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് വീണ്ടും ശബ്ദിക്കും. ഫെഡററുടെ ബാക്ക് ഹാന്‍ഡും എയ്സുകളും കാണാനായി ആരാധകര്‍ കൂട്ടമായെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലേവര്‍ കപ്പിന്റെ കോര്‍ട്ടില്‍ വെച്ച് ഫെഡറര്‍ ടെന്നീസിനോട് വിടപറയുമ്പോള്‍ അയാള്‍ക്കൊപ്പം ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണുകളും ഈറനണിയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.