നിയമോപദേശം മാധ്യമങ്ങളുടെ ‘പുക ‘ ; ഗവര്‍ണറുമായി പോരെന്ന് വരുത്താന്‍ ശ്രമം

നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനയച്ച ബില്ലുകളിന്മേല്‍ നിയമോപദേശം തേടിയെന്ന വാര്‍ത്ത മാധ്യമങ്ങളുടെ ‘പുക’ മാത്രം. ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെത്തി ബില്ലുകള്‍ പരിശോധിക്കാതെ ഒരുതരത്തിലുള്ള ആലോചനയും നടക്കില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. 18ന് തിരുവനന്തപുരത്ത് എത്തുന്ന ഗവര്‍ണര്‍ ബില്ലുകള്‍ പരിശോധിക്കും. ഭരണഘടനാ ചുമതല നിര്‍വഹിക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയതും.

എന്നാല്‍, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വലിയ പോരാണെന്ന് സ്ഥാപിക്കുകയാണ് ചില മാധ്യമങ്ങള്‍. ഗവര്‍ണറെ നിരന്തരം പ്രകോപിപ്പിക്കാനും അതുവഴി സര്‍ക്കാരിനെതിരെ നിലപാട് എടുപ്പിക്കാനുമാണ് ശ്രമം. ഇതിനായി ‘ഔദ്യോഗിക വിവരം’ എന്ന നിലയില്‍ ചിലര്‍ വാര്‍ത്തയുണ്ടാക്കാനുള്ള വിഭവങ്ങളും നല്‍കുന്നു. ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ വ്യക്തിയല്ല, ഭരണഘടനാ സ്ഥാപനമാണ്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിക്കാനുള്ള ബാധ്യത അതിനുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിയമോപദേശം ഗവര്‍ണറോ ബന്ധപ്പെട്ട മറ്റാരെങ്കിലുമോ ആലോചിച്ചിട്ടില്ലെങ്കിലും അതിലേക്ക് നയിക്കുകയാണ് വാര്‍ത്തകളുടെ ലക്ഷ്യം. നേരത്തേ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കാത്ത ഫയലില്‍ ‘ നിയമോപദേശം’ തേടിയെന്ന് വാര്‍ത്ത നല്‍കിയതും ഇതേ മാധ്യമങ്ങളാണ്.

കീഴ്വഴക്കം പാലിക്കുമെന്ന് ഗവര്‍ണര്‍

ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകളില്‍ ഒപ്പിടുന്നതിലടക്കം തീരുമാനങ്ങളെടുക്കൂവെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനങ്ങളെടുക്കൂ. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം പരിപാവനമാണ്. അതില്‍ വെള്ളംചേര്‍ക്കാന്‍ അനുവദിക്കില്ല. എക്സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ല. ഒരു ബില്ലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News