John Brittas: ‘അംബേദ്കറെയും നേതാജിയെയുമൊക്കെ തങ്ങളുടെ ചേരിയിലേയ്ക്ക് ഹിന്ദുത്വ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അത് ചരിത്രത്തോടും അവരോടും ചെയ്യുന്ന ക്രൂരതയാണ്’; ജോണ്‍ ബ്രിട്ടാസ് എം പി

ആര്‍എസ്എസിന്റെ ആശയത്തോട് പുലബന്ധം പോലും ഇല്ലാതിരുന്ന അംബേദ്കറെയും സുബാഷ് ചന്ദ്ര ബോസിനെയും ഹിന്ദുത്വയുടെ സഹയാത്രികര്‍ എന്ന പ്രതീതിയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ജാതിക്കും മതത്തിനും അതീതമായി സാഹോദര്യത്തിലാണ് അംബേദ്കറും നേതാജിയുമൊക്കെ വിശ്വസിച്ചിരുന്നത്. ഇവരെയൊക്കെ തങ്ങളുടെ ചേരിയിലേയ്ക്ക് ഹിന്ദുത്വ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അത് ചരിത്രത്തോടും അവരോടും ചെയ്യുന്ന ക്രൂരതയാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചരിത്രം സൃഷ്ടിക്കുകയും പുനരാവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബി.ആര്‍.അംബേദ്കറിന്റെ ആശയങ്ങളാണ് നരേന്ദ്രമോദി നടപ്പിലാക്കുന്നത് എന്നാണ് പുതിയ വാദം. ഇതു സംബന്ധിച്ച് ഒരു പുസ്തകം തലസ്ഥാനത്ത് പ്രകാശനം ചെയ്തു. ഇന്ത്യ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചത് ഏവരും ശ്രദ്ധിച്ചു കാണും.
അംബേദ്കറും നേതാജിയും ഹിന്ദുത്വയുടെ സഹയാത്രികര്‍ എന്ന പ്രതീതിയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. ഇവര്‍ രണ്ടുപേര്‍ക്കും ആര്‍എസ്എസിന്റെ ആശയത്തോട് പുലബന്ധം പോലും ഉണ്ടായിരുന്നില്ലെന്നത് മാത്രമല്ല വിഭജനത്തിന്റെ ആശയധാരയെ ശക്തിയായി എതിര്‍ക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാജ് എന്നത് ഈ രാജ്യത്തിന് വലിയ കെടുതി ആയിരിക്കുമെന്നും ജനാധിപത്യവുമായി അത് പൊരുത്തപ്പെടുന്നില്ല എന്നുമാണ് അംബേദ്കര്‍ പറഞ്ഞത്.

നേതാജിയാകട്ടെ മുസ്ലിം സഹോദരന്മാരെ ചേര്‍ത്തുപിടിച്ചാണ് തന്റെ പോരാട്ടം നടത്തിയത്. ഹിന്ദു-മുസ്ലിം ഐക്യമായിരുന്നു നേതാജിയുടെ പ്രമാണം. തന്റെ അപകടം നിറഞ്ഞ അന്തര്‍വാഹിനിയാത്രയില്‍ സഹയാത്രികനായി കൂട്ടിയത് അബിദ് ഹസനെ ആയിരുന്നു. തന്റെ സേനയ്ക്ക് ഇട്ട പേര് ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു. തന്റെ അവസാന യാത്രയില്‍ കൂടെ കൂട്ടിയത് കേണല്‍ ഹബീബുര്‍ റഹ്മാനെയായിരുന്നു. സിംഗപ്പൂര്‍ തീരത്ത് ആസാദ് ഹിന്ദ് ഫൗജിന്റെ രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയാന്‍ നേതാജി ഏല്‍പ്പിച്ചത് കേണല്‍ സിറില്‍ ജോണ്‍ സ്റ്റ്രാസി എന്ന ആംഗ്ലോ ഇന്ത്യന്‍ ക്രിസ്ത്യാനിയായിരുന്നു. 1941ല്‍ ബ്രിട്ടീഷ് ചാരവലയത്തില്‍ നിന്ന് രക്ഷപ്പെട്ട് പെഷവാറിലേക്ക് പോകുമ്പോള്‍ നേതാജിയുടെ കൂടെ പോയത് മിയന്‍ അക്ബര്‍ ഷാ ആയിരുന്നു. നേതാജിയെ കാബൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ചുമതല ഏറ്റെടുത്ത ഭാഗത് റാം തല്‍വാര്‍ എന്നയാള്‍ ബ്രിട്ടീഷ് ചാരനായിരുന്നു എന്നത് മറ്റൊരു കാര്യം.

ജാതിക്കും മതത്തിനും അതീതമായി സാഹോദര്യത്തിലാണ് അംബേദ്കറും നേതാജിയുമൊക്കെ വിശ്വസിച്ചിരുന്നത്. ഇവരെയൊക്കെ തങ്ങളുടെ ചേരിയിലേയ്ക്ക് ഹിന്ദുത്വ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അത് ചരിത്രത്തോടും അവരോടും ചെയ്യുന്ന ക്രൂരതയാണെന്ന് പറയേണ്ടിവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News