Mumbai:റോഡിന്റെ അഭാവത്തില്‍ ചികിത്സ വൈകി രണ്ടു മരണം; താനെയിലെ ഗ്രാമത്തിന്റെ ശോചനീയാവസ്ഥ

വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത താനെയിലെ ഈ ഗ്രാമം മുംബൈ നഗരത്തില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ താനെയില്‍ മുര്‍ബാദ് താലൂക്കിലെ ഓജിവാലെ ഗ്രാമത്തിലാണ് റോഡില്ലാത്തതിനാല്‍ സമയത്തിന് ചികിത്സ ലഭിക്കാതെ ഒരു മാസത്തിനിടെ രണ്ടു പേര്‍ക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്.

ഓജിവാലെ ഗ്രാമത്തിലെ സര്‍പഞ്ചിനും (ഗ്രാമത്തലവന്‍) മരുമകനുമാണ് പാമ്പ് കടിയേറ്റു മരിച്ചത്. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ പോയതാണ് മരണ കാരണം. ഗ്രാമത്തിലേക്ക് റോഡില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് എത്തി ചേരാന്‍ കഴിയാത്ത അവസ്ഥയാണ്. ഒടുവില്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഡോളിയായി ചുമലില്‍ താങ്ങിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്താന്‍ വൈകിയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഒജിവാലെ ഗ്രാമത്തിലെ സര്‍പഞ്ചായിരുന്നു മരണപ്പെട്ട ബര്‍ക ബായ് ഹിലം. പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

ഒരാഴ്ചക്ക് ശേഷം സര്‍പഞ്ചിന്റെ മരുമകന്‍ സുഭാഷ് വാഗിനും പാമ്പ് കടിയേറ്റു. ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം. സുഭാഷിനെയും സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതിരാവിലെ ചുമന്ന് കൊണ്ട് പോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

ഗ്രാമത്തിലേക്ക് ഒരു വാഹനവും വരുന്നില്ല

മഴക്കാലത്ത് പൂര്‍ണമായും ചെളിക്കുളമായ സ്വകാര്യ, വനപാതയായ ഈ ഗ്രാമത്തിലെത്താന്‍ റോഡില്ല. അതുകൊണ്ട് തന്നെ വാഹന സൗകര്യങ്ങളും നിഷേധിച്ചിരിക്കയാണ്. ഗ്രാമത്തില്‍ ഒരു റോഡ് ഉണ്ടായിരുന്നെങ്കില്‍ ഉറ്റവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ വിലപിക്കുന്നത്.

മുര്‍ബാദില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ ഓജിവാലെ ഗ്രാമത്തിന്റെ പരിധിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ നടന്ന് വേണം പ്രധാന റോഡിലെത്താന്‍. മഴക്കാലത്ത് ഗര്‍ഭിണികളും, രോഗികളും കൂട്ടിരിപ്പുകാരും ചെളിയിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്.

താനെയില്‍ നിന്നുള്ള സംസ്ഥാന മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അനുകൂലമായ നടപടികള്‍ എടുക്കുമെന്ന പ്രത്യാശയിലാണ് ഗ്രാമവാസികള്‍. അല്ലാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here