ജോഡോ യാത്രയുടെ വെബ്‌സൈറ്റില്‍ BJPയെ വിമര്‍ശിച്ച് ഒരു വാക്ക് പോലുമില്ല;വിമര്‍ശനങ്ങള്‍ ഉയരുന്നു

വര്‍ഗീയതയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനെന്ന് അവകാശപ്പെടുന്ന ഭാരത് ജോഡോ യാത്രയുടെ വെബ്‌സൈറ്റില്‍ ആര്‍എസ്എസ് എന്നോ ബിജെപി എന്നോ ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. ഒന്നിച്ചു ചേര്‍ന്ന് രാജ്യത്തെ ശക്തിപ്പെടുത്താനാണ് യാത്രയെന്ന് മാത്രം വിശദീകരണം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിവില്ലെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മുദ്രാവാക്യവും സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തമിഴ്‌നാട്ടിലും കേരളത്തിലുമിരുന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത് ഈ രൂപത്തിലാണ്. ഇനി ദേശീയതലത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം. യാത്ര എങ്ങനെ പുരോഗമിക്കുന്നുവെന്നും സ്ഥിരം ജാഥാംഗങ്ങള്‍ ആരൊക്കെയെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ടെങ്കിലും ജാഥയുടെ ലക്ഷ്യങ്ങളെ പറ്റി പറയാനായി സൈറ്റില്‍ ഒന്നുമില്ല. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന കേവല മുദ്രാവാക്യം മാത്രം. ഒപ്പം ജാഥ കടന്നുപോയ വഴികളിലെ രാഹുല്‍ ഗാന്ധിയുടെ ബഹുവര്‍ണ ചിത്രങ്ങളും.

യാത്രയുടെ മുദ്രാവാക്യങ്ങളായി കോണ്‍ഗ്രസ് അവകാശപ്പെടുന്ന വിഷയങ്ങള്‍ വര്‍ഗീയതയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. എന്നാല്‍ ദേശീയ തലത്തിലെ വെബ്‌സൈറ്റ് ഈ മുദ്രാവാക്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. ഇന്ത്യ ഒന്നിക്കണം എന്ന് പറയുമ്പോഴും ആര്‍ക്കെതിരെ, ഏത് വിഷയത്തിലാണ് ഒന്നിക്കേണ്ടതെന്ന കാര്യം പറയുന്നേയില്ല.

ഇന്ത്യന്‍ ജനത നേരിടുന്ന വിഷയങ്ങള്‍ക്ക് കാരണക്കാര്‍ സംഘപരിവാറും അവര്‍ ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാരുമാണെന്ന വിമര്‍ശനമുയര്‍ത്താനും കോണ്‍ഗ്രസിന് കരുത്തില്ല. ശേഷിയുള്ള സംസ്ഥാനങ്ങളില്‍ മാത്രം രാഹുല്‍ ഗാന്ധിയെ നടത്തിച്ച് കോളിളക്കം സൃഷ്ടിക്കാനോ തെരഞ്ഞെടുപ്പ് നേട്ടത്തിന് ശ്രമിക്കാനോ ആണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശരീരഭാഷ സൗത്തിന്ത്യയിലെ യാത്ര പൂര്‍ത്തിയാക്കുന്നതോടെ ഹിന്ദുത്വ പ്രീണനത്തിലേക്ക് കടക്കുമോ എന്ന ആശങ്കയും ബാക്കിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel