‘മുസ്ലിം ലീഗ് ഒരു വടവൃക്ഷം, ആ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുന്നു, ഷാജിയെ വിമർശിച്ച് പി കെ ഫിറോസ്

കെ എം ഷാജിക്ക് പരോക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്‍റെ തണലിൽ ഉറച്ച് നിൽക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. വടവൃക്ഷത്തിന്‍റെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാല്‍ കൊമ്പിൽ നിന്ന് താഴെ വീണാൽ പരിക്കേൽക്കുന്നത് വീഴുന്നവർക്കാവുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്‍റെ മറുപടി. പാര്‍ട്ടിക്കുള്ളിലെ വിമർശനം കേട്ട് താൻ പാർട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നെന്നായിരുന്നു കെ എം ഷാജി മസ്കറ്റിൽ കെഎംസിസി വേദിയിൽ പറഞ്ഞത്.

മുസ്ലീം ലീഗില്‍ കെ എം ഷാജിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം കടുപ്പിച്ചിരിക്കുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തില്‍ ആക്കുകയാണെന്ന് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍‍ ഡി എഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജിയും കെ എസ് ഹംസയും നടത്തിയത്. അതിന്‍റെ മറുപടിയാണ് പ്രവര്‍ത്തകസമിതിയില്‍ കെ എം ഷാജിക്കെതിരായ നീക്കം എന്നാണ് വിലയിരുത്തല്‍. അതേസമയം തനിക്കെതിരായ ലീഗിലെ നീക്കത്തിൽ തുറന്നടിച്ച് കെ എം ഷാജി ഇന്ന് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here