മൂന്ന് വര്‍ഷം മുമ്പ് വധശ്രമം നടന്നു; അമര്‍ഷം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍|Arif Mohammad Khan

തനിക്കെതിരെ മൂന്ന് വര്‍ഷം മുമ്പ് നടന്ന വധശ്രമത്തില്‍ അമര്‍ഷം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan).

മൂന്ന് വര്‍ഷം മുമ്പ് കണ്ണൂരില്‍ വെച്ചാണ് വധശ്രമം നടന്നതെന്നും തെളിവുകള്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം പുറത്തുവിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ യാതൊരു പരാതിയും ഗവര്‍ണര്‍ അന്ന് നല്‍കിയിരുന്നില്ല എന്നതും ചര്‍ച്ചയാവുകയാണ്.

‘ഇതില്‍ പരം അസംബന്ധം മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ല’: ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ അസംബന്ധങ്ങളാണ് പറയുന്നതെന്നും ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വര്‍ത്തമാനം പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തും വിളിച്ചുപറയാനുള്ള കേന്ദ്രമായിട്ടാണോ ഗവര്‍ണര്‍ പദവി മാറിയിട്ടുള്ളത്. ഭരണപ്രക്രിയക്ക് നിയുക്തമായ ഓരോ സ്ഥാനത്തിനും ഭരണഘടന നിശ്ചയിച്ച ഉത്തരവാദിത്വങ്ങളും അധികാരങ്ങളുമുണ്ട്. അതിന് ഞങ്ങള്‍ തടസ്സം നില്‍ക്കാറില്ല. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഭരണഘടനാ മാര്‍ഗങ്ങളുണ്ട്. അത് അവലംബിക്കാതെ മാധ്യമങ്ങളുടെ മുന്നില്‍ച്ചെന്ന് താനിതെല്ലാം പറയാന്‍ പ്രാപ്തനാണ് എന്നമട്ടില്‍ ഗവര്‍ണര്‍ പ്രതികരിക്കുന്നു. അങ്ങനെ കാര്യങ്ങള്‍ നടത്താമെന്നാണെങ്കില്‍ അത് ഭരണഘടന അനുശാസിക്കുന്ന രീതിയല്ല എന്ന് ഓര്‍മിപ്പിക്കുന്നു. എന്താണ് ഗവര്‍ണര്‍ക്ക് സംഭവിച്ചതെന്ന് അദ്ദേഹമോ കൂടെയുള്ളവരോ പരിശോധിക്കണം.

സര്‍വകലാശാലയില്‍ പോസ്റ്റര്‍ പതിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. അവര്‍ക്ക് രാജ്ഭവനില്‍ പോയി പോസ്റ്റര്‍ ഒട്ടിക്കാന്‍ കഴിയില്ലല്ലോ. ഓരോരോ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരാണ് പ്രചാരണം നടത്തുന്നത്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമല്ലാതെ മറ്റെവിടെ നടത്തും. സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കാമെന്നാണോ വിചാരം. അത് തടയാമെന്ന ഭാവമൊക്കെ പക്വമതിക്ക് ചേര്‍ന്നതല്ല.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് ഒരു വ്യക്തിക്ക് അര്‍ഹതയുള്ള ജോലിക്ക് അപേക്ഷിക്കാനുള്ള അവകാശമില്ലാതാകുന്നില്ല. അങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷ കൊടുക്കുക. ഉത്തരവാദിത്വപ്പെട്ട സംവിധാനമാണ് അപേക്ഷ സംബന്ധിച്ച് തീരുമാനമെടുത്തത്. അതില്‍ പിശക് കണ്ടെത്തിയാല്‍ അത് ചെയ്തവര്‍ അനുഭവിച്ചോട്ടെ. അതിന് ഞങ്ങളാരും തടസ്സം നിന്നിട്ടില്ല. നിയമസഭ പാസാക്കിയ ബില്‍ സംബന്ധിച്ചൊന്നും ആശങ്കയില്ല. അത് പരിശോധിച്ച് സ്വാഭാവികമായിട്ടും ഒപ്പിടും. കൈക്കരുത്തിലും ഭീഷണിസ്വരത്തിലും സംസാരിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് നാട് കാണുന്നുണ്ട്. പലതും പറഞ്ഞെങ്കിലും അദ്ദേഹത്തിന് എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. അത് ഫലിച്ചതായി കണ്ടിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആശയങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് അത് പറയുന്നത്. ഭരണഘടനാ നിര്‍മാണസഭയില്‍ കമ്യൂണിസ്റ്റുകാരുണ്ടായിരുന്നു. ആദ്യ പാര്‍ലമെന്റിന്റെ പ്രതിപക്ഷവും കമ്യൂണിസ്റ്റുകാരായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏകകണ്ഠമായി ഉന്നയിക്കപ്പെട്ട പേര് കമ്യൂണിസ്റ്റുകാരന്റേതായിരുന്നു. ആഭ്യന്തരമന്ത്രിയായും സ്പീക്കറായും ഇരുന്നിട്ടുണ്ട്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും വിവിധ കാലയളവില്‍ ഭരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here