I M Vijayan: വര്‍ഷങ്ങളായി തേടി നടന്ന ചിത്രം : ഗുരുനാഥനെ ചേര്‍ത്ത് പിടിച്ച് ഐ എം വിജയന്‍

ചില ഓര്‍മകള്‍ മനുഷ്യന് ജീവിതാവസാനം വരെ കൂടെയുണ്ടാകും. കാലത്തിനൊപ്പം പലതും മാറിയാലും അവ അങ്ങനെ തന്നെ നിലനില്‍ക്കും. അത്തരത്തിലൊരു ഓര്‍മയാണ് ഐ എം വിജയന്‍(I M Vijayan) പങ്കുവെക്കുന്നത്. കാത്തിരിപ്പിനവസാനം യാദൃശ്ചികമായി കയ്യിലെത്തിയ ഒരു ഫോട്ടോയാണ് ആ ഓര്‍മ. ചിലരൊക്കെ ഓര്‍മ്മകളുടെ ഗ്രൗണ്ടില്‍ എന്നും ട്രിബ്ള്‍ ചെയ്ത് കൊണ്ടേ ഇരിക്കും. അളന്നുമുറിച്ച ഷോട്ടുകള്‍ പോലെ മനസ്സിന്റെ ഗോള്‍ പോസ്റ്റിലേക്ക് കുതിച്ചെത്തും. മരിച്ചാലും മറക്കില്ല എന്ന് പറയുന്നത് അവരെക്കുറിച്ചാണെങ്കില്‍ ഒട്ടും അതിശയോക്തിയാകില്ല.

ഇത്തരത്തില്‍ കാല്‍പന്തിനോടൊപ്പം ഇന്ത്യന്‍ ഫുട്ബോളിന്റെ കറുത്തമുത്ത് ഐ എം വിജയന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നൊരു ഫോട്ടോയുണ്ട്. വര്‍ഷങ്ങളായി തേടിനടന്നിട്ടും കിട്ടാതെ പോയ ആ ചിത്രം യാദൃശ്ചികമായി കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ വൈകാരികമായി ഐ എം വിജയന്‍ ഫേസ്ബുക്കില്‍ ആ ഫോട്ടോയും ഒപ്പം ഒരു കുറിപ്പും പങ്കുവെച്ചു.

ഒന്നുമില്ലായ്മയില്‍ നിന്നും നമ്മളറിയുന്ന ഇന്നത്തെ ഐ എം വിജയനിലേക്ക്, കളിക്കാരനിലേക്ക് ഐ എം വിജയനെ എത്തിച്ച വ്യക്തിയാണ് ജോസ് പറമ്പന്‍. യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു ഐ എം വിജയന്‍. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന കുട്ടിയെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമാണെന്ന് പറയുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നുവെന്നും ഐ എം വിജയന്‍.

തൃശൂരിനപ്പുറം ഒരു ലോകമില്ലാതിരുന്ന തന്നെ നെഹ്റു കപ്പ് കാണിക്കാന്‍ ബസ്സില്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയതുള്‍പ്പെടെ ജോസ് പറമ്പന്റെ ത്യാഗങ്ങളും ഐ എം വിജയന്‍ ഓര്‍ത്തെടുത്തു. ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തെ കുറിച്ചോര്‍ക്കാത്ത, അദ്ദേഹത്തെ മനസ്സ് കൊണ്ട് നമിക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ലെന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍ പറയുന്നു. കാലം നിറം കെടുത്തുമെങ്കിലും ചില ചിത്രങ്ങളും ബന്ധങ്ങളും അങ്ങനെയാണ് ഒരിക്കലും നിറം മങ്ങാതെ പോകുന്നവ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News