ഇ.ജെ. ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി

ഇ.ജെ. ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി. കൽപ്പറ്റയിൽ നടന്ന ജില്ലാ സമ്മേളനമാണ്‌ ഇ ജെ ബാബുവിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്‌.നിലവിൽ അസിസ്റ്റൻഡ്‌ സെക്രട്ടറിയായിരുന്നു.

M. V. Govindan | നിലപാടും നയവുമില്ലാതെ പിന്നെന്തിനാണ് ഭാരത് ജോഡോ യാത്ര ? : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നിലപാടും നയവുമില്ലാതെ പിന്നെന്തിനാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉപയോഗിച്ച് എതിർക്കാനല്ല കോൺഗ്രസ് നീക്കമെന്നും ഗോവിന്ദൻ മാസ്റ്റർ. ദേശാഭിമാനി നിലപാട് പംക്തിയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.

കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്‌ക്ക് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന്‌ തുടക്കമായിരിക്കുന്നു. 150 ദിവസംകൊണ്ട് 3500 കിലോമീറ്ററിലധികം സഞ്ചരിച്ച് കശ്മീരിലാണ് യാത്രയുടെ സമാപനം. വിലക്കയറ്റത്തിനും വർഗീയതയ്‌ക്കും എതിരെയാണ് ജാഥയെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമത്രെ. എന്നാൽ, ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥാ റൂട്ടിൽനിന്ന്‌ ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്ന ചോദ്യം ഇതിനകംതന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്.

ജാഥ നടത്താനും തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുമുള്ള കോൺഗ്രസിന്റെ എല്ലാ അവകാശങ്ങളെയും അംഗീകരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ കോർപറേറ്റ് അമിതാധികാര പ്രവണതകളെ ശക്തമായി എതിർക്കുകയാണ് സിപിഐ എം എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും പാർടിക്കെതിരായി ചില പരാമർശങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നുവെന്ന് മാത്രം.

സത്യഗ്രഹസമരം ഉൾപ്പെടെ ഇന്ത്യൻ ജനമനസ്സുകളെ കീഴടക്കിയ ജാഥകൾ പലതും ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്ര ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച സമരങ്ങളിൽ ഒന്നായിരുന്നു. ഈവർഷം ആദ്യം യുപി നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിയിൽ ഒരുമാസം നീണ്ട പദയാത്രയും റോഡ് ഷോയും നടന്നെങ്കിലും കോൺഗ്രസിന് സംസ്ഥാനത്ത് ഒരിഞ്ച് മുന്നേറാനായില്ല. 2017ൽ ഏഴ് സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറി രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ഇതെല്ലാം വിരൽചൂണ്ടുന്നത് ജാഥ നടത്തിയതുകൊണ്ടു മാത്രം തകർച്ചയുടെ നെല്ലിപ്പടിയിലായ കോൺഗ്രസിന് രക്ഷപ്പെടാനാകില്ലെന്നാണ്.

ആറ് ദശാബ്ദം രാജ്യം ഭരിച്ച കോൺഗ്രസ് പാർടിയുടെ നിഴൽരൂപം മാത്രമാണ് ഇന്നത്തെ പാർടിയെന്ന വസ്തുത ആദ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കണം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ദയനീയമായി തോറ്റു. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള സീറ്റുപോലും ഈ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നേടാനായില്ല. 2018ൽ രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിൽ ജയിച്ചതിനുശേഷം ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ രാഹുൽ ഗാന്ധിയുടെ വലംകൈയായ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ബിജെപിയിലേക്ക് കൂറുമാറിയപ്പോൾ മധ്യപ്രദേശിൽ അധികാരം നഷ്ടമാകുകയും ചെയ്തു.

മറ്റു രണ്ട് സംസ്ഥാനത്ത്‌ മാത്രമാണ് ഇന്ന് കോൺഗ്രസിന് അധികാരമുള്ളത്.കേരളത്തിൽ എൽഡിഎഫ് തുടർഭരണംനേടി ചരിത്രം കുറിച്ചപ്പോൾ കനത്ത തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്. അസമിലും ഹരിയാനയിലും ബിജെപി വിജയം ആവർത്തിച്ചു.

അധികാരത്തിലുണ്ടായിരുന്ന പഞ്ചാബ് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടമായി. പശ്ചിമ ബംഗാളിലാകട്ടെ സീറ്റ് കുത്തനെ കുറഞ്ഞു. മുങ്ങുന്ന കപ്പലിൽനിന്ന്‌ സ്വാഭാവികമായും നേതാക്കൾ രക്ഷപ്പെടാൻ തുടങ്ങി. ഗുലാംനബി ആസാദിൽ എത്തിനിൽക്കുന്നു ഈ കൊഴിഞ്ഞുപോക്ക്. സാധാരണ പ്രവർത്തകർമുതൽ പ്രവർത്തകസമിതി അംഗങ്ങൾവരെ ഇങ്ങനെ ചാടിരക്ഷപ്പെടുകയാണ്. തെറ്റായ നയങ്ങളുടെ ഫലമായി സ്വയം നാശത്തിന്റെ പാതയിലാണ്‌ ഇന്ന് കോൺഗ്രസ്. യാത്ര തുടങ്ങി കൊല്ലത്ത്‌ എത്തുമ്പോഴേക്കും ഗോവയിൽ എട്ട്‌ കോൺഗ്രസ്‌ എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

1967ൽ തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് പിന്നീട് സംസ്ഥാന ഭരണത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. 1977 മുതൽ പശ്ചിമ ബംഗാളിലും 1989 മുതൽ ഉത്തർപ്രദേശിലും ബിഹാറിലും കോൺഗ്രസിന് സ്വന്തമായി അധികാരത്തിൽ വരാനായിട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാർടികൾ പോലും കോൺഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് ഇന്നു കാണുന്നത്. കോൺഗ്രസുമായി കൈതൊട്ടാൽ പരാജയമായിരിക്കും ഫലമെന്ന ബോധ്യത്തിലേക്ക് പ്രാദേശിക കക്ഷികൾ പോലും എത്താൻ തുടങ്ങി. കഴിഞ്ഞദിവസം ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത് പ്രാദേശിക കക്ഷികൾ ശക്തമായ സംസ്ഥാനങ്ങളിലെ ഡ്രൈവിങ് സീറ്റിൽ അവരെത്തന്നെ പരിഗണിക്കണമെന്നും കോൺഗ്രസ് അതിനായി വാശിപിടിക്കരുതെന്നുമാണ്.

ബിഹാറിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുഭവങ്ങൾവച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തം.ബിജെപി എന്ന ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയിൽ നിന്നുകൊണ്ട് എതിർക്കാൻ കോൺഗ്രസ് തയ്യാറാകാത്തതു തന്നെയാണ് ആ പാർടിയിൽ ജനം വിശ്വാസമർപ്പിക്കാത്തതിന് പ്രധാന കാരണം.

വർഗീയതയ്‌ക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും അതിനെതിരെ എന്തുവിലകൊടുത്തും പൊരുതിനിൽക്കുന്ന സംഘടനയാണ് കോൺഗ്രസ് എന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല. അതിന് ഇപ്പോഴുണ്ടായിട്ടുള്ള പ്രധാന കാരണം പ്രവർത്തകസമിതി അംഗങ്ങൾ ഉൾപ്പെടെ ബിജെപിയിലേക്ക് കൂറുമാറുന്നതിന് ഒരുമടിയും കാണിക്കുന്നില്ല എന്നതാണ്. നാണംകെട്ട ഈ കൂറുമാറ്റത്തിനുള്ള ആശയാടിത്തറ രാഹുൽ ഗാന്ധിയും കൂട്ടരും ഒരുക്കുന്നുവെന്നതാണ് വസ്തുത. തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും കോൺഗ്രസ്‌ പഠിച്ചിട്ടില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് സജീവ സാന്നിധ്യമാകാതിരുന്നത്. ഭരണഘടനയിലെ 370–ാം വകുപ്പ് റദ്ദാക്കിയപ്പോൾ അത് പാടില്ലെന്നും പുനഃസ്ഥാപിക്കണമെന്നും എന്തുകൊണ്ടാണ് കോൺഗ്രസ് പറയാൻ മടിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തോട് അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിനെ എങ്ങനെയാണ് മതനിരപേക്ഷ വാദികളും ഇന്ത്യയിലെ ന്യൂനപക്ഷവും വിശ്വാസത്തിലെടുക്കുക.

ഇനി ജാഥ ഉന്നയിക്കുന്ന രണ്ടാമത്തെ മുദ്രാവാക്യം പരിശോധിക്കാം. വിലക്കയറ്റത്തിന്‌ എതിരെയുള്ളതാണ്‌ അത്. മോദി സർക്കാരിന്റെ കാലത്ത് വിലക്കയറ്റം രൂക്ഷമാണെന്നതിൽ തർക്കമില്ല. അതിനെതിരെ പ്രതിഷേധിക്കേണ്ടതുമാണ്. എന്നാൽ, വിലക്കയറ്റം കുറയ്‌ക്കാനുള്ള കോൺഗ്രസിന്റെ ബദൽ എന്താണ്. ഉക്രയ്ൻ യുദ്ധം മാത്രമല്ല, ഇതിനു കാരണമെന്ന് എല്ലാവർക്കുമറിയാം.

മോദി സർക്കാർ തുടരുന്ന നവഉദാരവൽക്കരണ നയങ്ങളാണ് പ്രധാന കാരണം. കോർപറേറ്റുകളുടെ ക്ഷേമം മാത്രമാണ് മോദിയുടെ ലക്ഷ്യം. പാവങ്ങൾക്ക്‌ ആശ്വാസം നൽകുന്ന ഒരുനടപടിയും മോദി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. ഈ നവ ഉദാരവൽക്കരണനയത്തെ തള്ളിപ്പറയാൻ എന്തുകൊണ്ട് കോൺഗ്രസ് തയ്യാറാകുന്നില്ല. 1991ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നയം മോദി നടപ്പാക്കുമ്പോൾ എങ്ങനെ തള്ളിപ്പറയുമെന്നാണ് കോൺഗ്രസിന്റെ ഉത്തരമെങ്കിൽ സാമ്പത്തികരംഗത്തും അവർക്ക് ബദലില്ലെന്ന് സാരം.

ഐതിഹാസികമായ കർഷകസമരത്തെപ്പോലും സജീവമായി പിന്തുണയ്ക്കാൻ കഴിയാത്ത പാർടിയാണ് കോൺഗ്രസ്‌. കാർഷിക നിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും കോൺഗ്രസ്‌ തയ്യാറായില്ല. രാഷ്ട്രീയ–സാമ്പത്തിക രംഗങ്ങളിൽ നൂതനമായ ആശയങ്ങളോ ബദലോ മുന്നോട്ടുവയ്‌ക്കാനായില്ലെങ്കിൽ ജനങ്ങൾ എങ്ങനെ ഇവരിൽ വിശ്വാസമർപ്പിക്കും.വ്യക്തമായ ഒരു നേതൃത്വം ഏതു രാഷ്ട്രീയ പാർടിയുടെയും മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുമെന്നതിൽ തർക്കമില്ല.

ഒരുകാലത്ത് ഗാന്ധിജിയും നെഹ്റുവും സർദാർ പട്ടേലും മറ്റും നയിച്ച പാർടിയാണ് കോൺഗ്രസ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പ്രസിഡന്റ്‌ സ്ഥാനം ഉപേക്ഷിച്ചതാണ് രാഹുൽ ഗാന്ധി. പുതിയ നേതാവിനെ ഇതുവരെയും തെരഞ്ഞെടുത്തിട്ടില്ല. ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ മുൻനിർത്തി എല്ലാ തീരുമാനവും രാഹുൽ ഗാന്ധി കൈകൊള്ളുകയാണെന്നാണ് ജി–-23 എന്ന വിമതഗ്രൂപ്പിന്റെ അക്ഷേപം. അതായത് മുന്നിൽനിന്നു നയിക്കാൻ കോൺഗ്രസ് തയ്യാറല്ല. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നിട്ട് വർഷങ്ങളായി.

കഴിഞ്ഞദിവസം ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ എംപി പറയുന്നത് കോൺഗ്രസ് ഇനിയെങ്കിലും ഹൈക്കമാൻഡ് സംസ്കാരം ഉപേക്ഷിച്ച് ജനാധിപത്യപരമായി ഒരു അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ്. ആഭ്യന്തര ജനാധിപത്യമില്ല, കൃത്യമായ പ്രത്യയശാസ്ത്ര പദ്ധതിയില്ല, വ്യക്തമായ നേതൃത്വവുമില്ല–പിന്നെ എങ്ങനെയാണ് കോൺഗ്രസ് ഹിന്ദുത്വരാഷ്ട്രീയത്തെ എതിരിടുകയെന്ന ചോദ്യമാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here