John Brittas: മോദിയുടെ തീവ്രദേശീയതയുടെ പതാകാവാഹകരായി മുൻനിരച്ചാനലുകൾ മാറി: ജോൺ ബ്രിട്ടാസ് എംപി

ജനാധിപത്യസംവിധാനത്തെ താങ്ങിനിർത്തുന്ന നെടുംതൂണുകളാണ് മാധ്യമങ്ങളെങ്കിലും സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം വലിയ തോതിൽ വർധിച്ചുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(john brittas mp).

ജനങ്ങളോട് പരിമിതമായ ഉത്തരവാദിത്വമെങ്കിലും നിർവഹിക്കണമെന്ന അടിസ്ഥാനപ്രമാണംപോലും മാധ്യമങ്ങള്‍ പാലിക്കുന്നില്ല എന്നും സി പിഐ(cpi) സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം ആരുടെ, ആർക്കുവേണ്ടി എന്നീ ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും വിസ്മരിക്കുന്നതും ഇതുതന്നെ. ലോകത്ത് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം മാധ്യമമേഖലയ്ക്കുള്ള ഇടമാണ് കേരളം(kerala).

ആർക്കെതിരേയും എന്തും യാതൊരു ഓഡിറ്റിംഗുമില്ലാതെ വിളിച്ചുപറയാനും എ‍ഴുതാനുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട്. അതു സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

എന്നാൽ, മറ്റു നെടുംതൂണുകളായ എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും കടന്നുപോകുന്ന പരിശോധനയിലൂടെയും വിചാരണയിലൂടെയും മാധ്യമമേഖലയും കടന്നുപോകണം. വാർത്താമുറികളിൽ തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളും അവയ്ക്കു ചാർത്തുന്ന ആവരണങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാൽ ഈയൊരു അജൻഡ വ്യക്തമാകുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി.പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങളെ അപഗ്രഥിക്കാൻ മാധ്യമമേഖലയെ പരിശോധിച്ചാൽ മതിയാകും. 1980-കളിലെ ആർഎസ്എസ്സിന്റെ അയോധ്യാപ്രസ്ഥാനമെന്ന ഹിന്ദുത്വധ്രുവീകരണം ആരംഭിക്കുന്നതുതന്നെ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ്.

അന്ന് ഹിന്ദി പത്രങ്ങളായിരുന്നു ഇതിന്‍റെ മുൻനിരക്കാർ. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതോടെ കോർപ്പറേറ്റ് മീഡിയ ഒന്നടങ്കം ധ്രുവീകരണരാഷ്ട്രീയത്തിന്റെ പതാകാവാഹകരായി. സമൂഹത്തിലെ വേർതിരിവുകൾക്കും സംഘർഷങ്ങൾക്കും ഇന്ധനം പകരുന്നത് ന്യൂസ് റൂമുകളാണ്.

മുസ്ലീങ്ങൾ ദേശസ്നേഹികളല്ലെന്ന സ്റ്റീരിയോ ടൈപ്പ് ഇമേജ് ഉത്തരേന്ദ്യയിൽ വിതറിയത് നമ്മുടെ ദേശീയ ടെലിവിഷൻ ചാനലുകളാണ്. ഇപ്പോ‍ഴാകട്ടെ, മോദിയുടെ തീവ്രദേശീയതയുടെ പതാകാവാഹകരായി മുൻനിരച്ചാനലുകൾ മാറിയെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

സ്വതന്ത്രമാധ്യമങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നതെന്നും എന്നാല്‍ ഇന്ന് ഇത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തനസ്വാതന്ത്ര്യതോത് നിർണ്ണയിച്ചുകൊണ്ടായിരിക്കണം നമ്മുടെ ജനാധിപത്യത്തെ അളക്കേണ്ടത് എന്നുകൂടി ഓര്‍മിപ്പിച്ചാണ് പ്രസംഗം അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News