Antony Raju: കോവളം-ബേക്കൽ ജലപാത കേരളത്തിന്റെ മുഖഛായ മാറ്റിമറിക്കും: മന്ത്രി ആന്റണി രാജു

കോവളം- ബേക്കൽ ജലപാത ഗതാഗത രംഗത്ത് കേരളത്തിന്റെ മുഖഛായ മാറ്റിമറിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(antony raju). ആലപ്പുഴ(alappuzha)യിൽ ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ പാസഞ്ചര്‍ കം ടൂറിസം ബോട്ട് -സീ കുട്ടനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതി നടപ്പാകുന്നതോടെ ആഗോള ടൂറിസം മേഖലയില്‍ കേരളത്തിന് സവിശേഷമായ ഇടം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

616 കിലോമീറ്റര്‍ നീളമുള്ള കോവളം- ബേക്കൽ ജലപാത വഴി കുറഞ്ഞ ചെലവില്‍ യാത്രയും ചരക്കുനീക്കവും സാധ്യമാകും. വിനോദസഞ്ചാരവും തൊഴിൽ സാധ്യതകളും വർധിക്കുന്നതുള്‍പ്പെടെ നേട്ടങ്ങളും നിരവധിയാണ്.

ബോട്ടുകൾ സൗരോർജത്തിലേക്ക് മാറുന്നത് വഴി ബോട്ട് സർവീസ് കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാകും. 80 ശതമാനം ബോട്ടുകൾ ഇലക്ട്രിക് -സോളാർ ബോട്ടുകളാക്കാനുള്ള നടപടി പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.

1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐ.ആര്‍.എസ്. ക്ലാസില്‍ നിര്‍മിച്ച സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്.

പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ടൂറിസം കം പാസഞ്ചര്‍ സര്‍വീസാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നിന്നുള്ള നാടന്‍ ലഘു ഭക്ഷണങ്ങള്‍ ബോട്ടില്‍ ലഭിക്കും.

ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയില്‍ തിരിച്ചെത്തുംവിധമാണ് സര്‍വീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം.

ജലഗതാഗത വകുപ്പ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു . പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, സൂപ്രണ്ട് സുജിത്ത്, എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News