ദേശീയ യൂത്ത്‌ മീറ്റ്‌ : ആഷ്‌ലിനും അഭിറാമിനും സ്വർണം

കേരളത്തിന്റെ ആഷ്‌ലിൻ അലക്‌സാണ്ടർ ദേശീയ യൂത്ത്‌ മീറ്റിലെ (അണ്ടർ 18) വേഗമേറിയ താരമായി. ആൺകുട്ടികളുടെ 100 മീറ്ററിൽ 10.87 സെക്കൻഡിലാണ്‌ ഫിനിഷ്‌. 400 മീറ്ററിൽ പി അഭിറാമിനും സ്വർണമുണ്ട്‌. പെൺകുട്ടികളുടെ 100 മീറ്ററിൽ എസ്‌ മേഘയും ആൺകുട്ടികളുടെ ഡിസ്‌കസ്‌ത്രോയിൽ കെ സി സെർവനും ഡെക്കാത്‌ലണിൽ ആദിത്യ കൃഷ്‌ണയും വെള്ളി നേടി.

രണ്ടാംദിവസം പത്തിനങ്ങളിൽ കേരളത്തിന്‌ അഞ്ച്‌ മെഡലുണ്ട്‌. ഏറെക്കാലത്തിനുശേഷമാണ്‌ സ്‌പ്രിന്റിൽ സ്വർണം വന്നത്‌. ആഷ്‌ലിൻ ആലപ്പുഴ ലിയോ 13 സ്‌കൂളിൽ പ്ലസ്‌ടു കൊമേഴ്‌സ്‌ വിദ്യാർഥിയാണ്‌. ലിയോ അക്കാദമിയിലെ ജോസഫാണ്‌ പരിശീലകൻ. ഗുണ്ടൂരിൽ നടന്ന ദക്ഷിണമേഖലാ മീറ്റിലും സ്വർണം നേടിയിരുന്നു. ആലപ്പുഴ വഴിച്ചേരി പറമ്പിത്തറ അലക്‌സാണ്ടറിന്റെയും ജാൻസിയുടെയും മകനാണ്‌.

പാലക്കാട്‌ മാത്തൂർ സിഎഫ്‌ടി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്‌ 400 മീറ്റിൽ സ്വർണം നേടിയ അഭിറാം. നവംബറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടിയ അഭിറാം, 48.56 സെക്കൻഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. സുരേന്ദ്രനാണ്‌ കോച്ച്‌. ആദ്യ ദേശീയ മെഡലാണ്‌. മാത്തൂരിനടുത്ത്‌ പല്ലൻ ചാത്തനൂരിൽ അമ്പാട്‌ ഹൗസിൽ പ്രമോദിന്റെയും മഞ്‌ജുഷയുടെയും മകനാണ്‌.

പെൺകുട്ടികളുടെ 100 മീറ്ററിൽ എസ്‌ മേഘ 12.28 സെക്കൻഡിൽ രണ്ടാമതായി. മഹാരാഷ്‌ട്രയുടെ സാക്ഷിയാണ്‌ വേഗക്കാരി (12.22). മേഘ പാലക്കാട്‌ പുളിയംപറമ്പ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്‌. ഡിസ്‌കസ്‌ത്രോയിൽ കെ സി സെർവനാണ്‌ വെള്ളി (56.81 മീറ്റർ). ഏഷ്യൻ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടി. ഹരിയാനയുടെ അതുൽ 57.44 മീറ്ററോടെ സ്വർണം സ്വന്തമാക്കി.

ഡെക്കാത്‌ലണിൽ വെള്ളി നേടിയ ആദിത്യ കൃഷ്‌ണ കോഴിക്കോട്‌ സായ്‌ താരമാണ്‌. കോഴിക്കോട്‌ ഗോവിന്ദപുരം സജീവ്‌കുമാറിന്റെയും ദിവ്യയുടെയും മകനാണ്‌. അവസാനദിനമായ ഇന്ന്‌ 18 ഇനങ്ങളിൽ ഫൈനൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here