ഗവർണറുടെ വാർഷിക ശമ്പളം 42 ലക്ഷം രൂപ,ഈ വർഷം ചെലവുകൾക്കായി ആവശ്യപ്പെട്ടത്12.70 കോടി; ധൂർത്തിന്റെ കേന്ദ്രമായി രാജ്‌ഭവൻ

ധൂർത്തിന്റെ കേന്ദ്രമായി രാജ്‌ഭവൻ, കേട്ടുകേൾവിയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ്‌ കേരള ഗവർണർക്കും പരിവാരങ്ങൾക്കുമായി സംസ്ഥാനം വഹിക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരെ നിരന്തരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുന്ന ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവനാണ് ധൂർത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. പ്രതിവർഷം നൂറിൽ താഴെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രാജ്ഭവനിൽ ആകെ ജോലി ചെയ്യുന്നത്‌ 144 പേരാണ്.

പരമാവധി 25 പേർ മാത്രം പ്രവർത്തിക്കുന്ന സംസ്ഥാന മന്ത്രിമാരുടെ ഓഫീസുകളിൽ പ്രതിമാസം ശരാശരി 300 മുതൽ 500 ലധികം ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴാണിത് എന്നതാണ് ശ്രദ്ധേയം. ആകെ ജോലി ചെയ്യുന്ന 144 പേരിൽ 74 പേരുടേതും താൽക്കാലിക നിയമനമാണ്.ഗവർണർക്കും അനുചരവൃന്ദത്തിനുമായി ചെലവിടുന്ന തുകയ്ക്ക് കണക്കെടുപ്പും പരിശോധനയുമില്ല. സർക്കാരിന്റെ എല്ലാ ചെലവിനും നിയമസഭയുടെ വോട്ടെടുപ്പിലൂടെയുള്ള അംഗീകാരം വേണം. രാജ്‌ഭവന്റെ കാര്യത്തിൽ ഇത്‌ ബാധകമല്ല. നിയമസഭ ഈ ചെലവ്‌ ചർച്ചയും വോട്ടെടുപ്പുമില്ലാതെതന്നെ പാസാക്കും.

ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളും 42 ലക്ഷം രൂപയാണ്‌. ചെലവുകൾക്കായി രാജ്‌ഭവൻ ഈവർഷം ആവശ്യപ്പെട്ടത്‌ 12.70 കോടി രൂപ. രാജ്‌ഭവൻ വീട്ടുചെലവിനുമാത്രമായി ഈ വർഷം മാറ്റിവച്ചത് 4.75 കോടി രൂപയാണ്‌. പെട്രോളിനും അറ്റകുറ്റപ്പണിക്കായി തുകയും ലക്ഷങ്ങൾ. മാസങ്ങൾക്കുമുമ്പ്‌ ഗവർണർക്കായി വാങ്ങിയ മെഴ്‌സിഡെസ്‌ ബെൻസ്‌ കാറിന്‌ സംസ്ഥാന ഖജനാവിൽനിന്നെടുത്തത് എഴുപത്‌ ലക്ഷത്തിലേറെ രൂപയാണ്. വിമാനയാത്രകൾക്കായി ഈ വര്ഷം 11.7 ലക്ഷം രൂപയും കഴിഞ്ഞവർഷം 13 ലക്ഷം രൂപയും ചെലവഴിച്ചു . ഗവർണർക്ക്‌ ഇഷ്ടാനുസരണം ദാനം ചെയ്യാൻ സർക്കാർ കരുതിവയ്‌ക്കേണ്ടത്‌ 25 ലക്ഷം രൂപ. കഴിഞ്ഞ വര്ഷം ഇത്തരത്തിൽ ഗവർണർ ഇഷ്ടക്കാർക്ക്‌ ദാനം നൽകിയത്‌ 13.5 ലക്ഷം രൂപയാണ്.ഗവർണറുടെ നാട്ടിൽനിന്നും മറ്റും രാജ്‌ഭവനിലെത്തുന്ന അതിഥികളുടെ ചെലവും സംസ്ഥാനം വഹിക്കണം. ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിന് ഗവർണറുടെ ആതിഥേയത്വത്തിൽ കോവളത്ത് എത്തിയത്‌ അമ്പതോളം പേർ. സർക്കാർ ഗസ്റ്റ് ഹൗസ് പൂർണമായും ഇവർക്കായി നീക്കിവച്ചു. എത്തുന്നവർക്കെല്ലാം വാഹനവും ഭക്ഷണവും താമസവുമൊക്കെ സംസ്ഥാനം വഹിക്കണം.
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുമാരുടെ ചെലവുകളുമായി ബന്ധപ്പെട്ട് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് രാജ്ഭവനിലെ ധൂർത്തിന്റെ കണക്കുകൾ ശ്രദ്ധേയമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News