യുക്രെയ്ൻ നഗരങ്ങളിൽ ഷെല്ലാക്രമണം; ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യൻ സേന

യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിൽ കടുത്ത ആശങ്ക. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പല നഗരങ്ങളും തുടർച്ചയായ ഷെല്ലാക്രമണത്തിന് വിധേയമായി. റഷ്യൻസേനയിൽ നിന്നു തിരിച്ചുപിടിച്ച നഗരങ്ങളിലേക്കു നാട്ടുകാർ തിരിച്ചെത്തിയതിനാൽ ആക്രമണങ്ങൾ ആൾനാശം വർധിപ്പിക്കുമെന്നാണ് ആശങ്ക. വടക്കുകിഴക്കൻ മേഖലകളിൽനിന്നു പിൻവാങ്ങേണ്ടിവന്നതോടെ ജനവാസങ്ങൾക്കുനേരെ ആക്രമണം റഷ്യ ശക്തമാക്കാൻ സാധ്യതയുണ്ടെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയവും മുന്നറിയിപ്പു നൽകി.

കഴിഞ്ഞ ദിവസം ഡോണെറ്റ്സ്ക് മേഖലയിൽ റഷ്യൻ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. നികോപോളിൽ നിരവധി വലിയ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ് ലൈനും വൈദ്യുതിലൈനുകളും തകർന്നു. മൈകലേവ് നഗരത്തിൽ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ഏതാനും പേർക്കു പരുക്കേറ്റു.

അതിനിടെ റഷ്യൻ സൈന്യം നടത്തിയ കൂട്ടക്കുരുതികളുടെ നിരവധി തെളിവുകൾ പുറത്തുവന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഇസിയം നഗരത്തിൽ 17 യുക്രെയ്ൻ പട്ടാളക്കാരുടെ മൃതദേഹങ്ങൾ മറവു ചെയ്തത് കണ്ടെത്തി.

ഹർകീവ് മേഖലയിൽ റഷ്യൻ അതിർത്തിയോടു ചേർന്ന കൊസാച ലോപനിൽ ചുരുങ്ങിയത് 10 പീഡന കേന്ദ്രങ്ങളെങ്കിലും കണ്ടെത്തിയതായും സെലെൻസ്കി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇവിടെ സാധാരണക്കാരായ നാന്നൂറോളം പേരെ മറവുചെയ്തതു കണ്ടെത്തിയിരുന്നു. കുഴിമാടങ്ങൾ കണ്ടെത്തിയെന്ന വാർത്തകളോടു റഷ്യ പ്രതികരിച്ചിട്ടില്ല.

ആണവ, രാസ ആയുധങ്ങൾ പ്രയോഗിക്കരുതെന്ന് റഷ്യയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. യുദ്ധം പതിവുമട്ടിൽ നിന്നു മാറാൻ സാധ്യതയുണ്ടെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സൂചനയെ തുടർന്നാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News