Dr Theertha Hemant: നിങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ പല്ലിറുമ്മാറുണ്ടോ ? ചീഫ് ഡെന്റല്‍ സര്‍ജന്‍ തീര്‍ഥ ഹേമന്ദ് എഴുതുന്നു

നിങ്ങളുടെ കുട്ടികള്‍ ഉറങ്ങുമ്പോള്‍ പല്ലുകള്‍ കൂട്ടി ഉരസുന്ന ശബ്ദം നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ? അതെന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ടോ? കാരണങ്ങള്‍ ചീഫ് ഡെന്റല്‍ സര്‍ജന്‍ തീര്‍ഥ ഹേമന്ദ്

ബ്രക്‌സിസം(Bruxism) അഥവാ പല്ലിറുമ്മല്‍

ദേഷ്യം വരുമ്പോള്‍ പല്ലുകള്‍ കൂട്ടി കടിച്ച് തമ്മില്‍ ഉരസുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നിങ്ങളുടെ കുട്ടികള്‍ ഉറങ്ങുമ്പോള്‍ പല്ലുകള്‍ കൂട്ടി ഉരസുന്ന ശബ്ദം നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ?അതെന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ടോ.പലരും കുട്ടികള്‍ സ്വപ്നം കാണുമ്പോള്‍ സംഭവിക്കുന്നതാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.ദേഷ്യം വരുമ്പോള്‍ പല്ലിറുമ്മുന്നത് പലപ്പോഴും സ്വഭാവികമായ ഒരു പ്രക്രിയ ആണെങ്കിലും ഉറക്കത്തില്‍ പല്ലിറുമ്മിക്കൊണ്ടിരിക്കുന്നത് ഒരു അസാധാരണമായ അവസ്ഥയാണ്.അതിന് ബ്രക്‌സിസം(Bruxism) എന്നാണ് വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേര്.കൂടുതലും ഉറക്കത്തിലാണ് കുട്ടികളില്‍ ഇത് കാണപ്പെടുന്നത്. അല്ലാതെയും ബ്രക്‌സിസം ഉണ്ടാവാം.

ബ്രക്‌സിസത്തിന്റെ ചില കാരണങ്ങള്‍ പരിശോധിക്കാം

കൃത്യമായ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല എങ്കിലും ചില സാധാരണമായ കാരണങ്ങള്‍ നോക്കാം.

*മാല്‍ ഒക്ലൂഷന്‍ (malocclusion):വായ അടക്കുമ്പോള്‍ മുകളിലത്തെയും താഴെത്തെയും നിരയിലുള്ള പല്ലുകള്‍ തമ്മില്‍ കൃത്യമായ ഒരു ബന്ധം പാലിക്കണം.ആ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുന്ന അവസ്ഥയാണ് മാല്‍ ഒക്ലൂഷന്‍.അത് അസാധാരണമായി പല്ലിറുമുന്നതിന് കാരണമാകാം.

*പല്ല് മുളച്ചു വരുന്ന പ്രായങ്ങളില്‍ പല്ലിറുമ്മല്‍ കൂടുതലായി കാണപ്പെടാം.5-6 മാസം പ്രായമുള്ള കുഞ്ഞുങ്ങളില്‍ പാല്‍പ്പല്ലുകള്‍ മുളച്ചു തുടങ്ങുന്ന സമയത്തും 6-7 വയസ്സ് പ്രായമുള്ള കുട്ടികളില്‍ ആദ്യത്തെ സ്ഥിരം പല്ലുകള്‍ മുളച്ചു തുടങ്ങുന്ന സമയത്തും ആണ് കൂടുതലായി ഇത് നിങ്ങള്‍ളുടെ ശ്രദ്ധയില്‍പ്പെടുക.

*വേദനകള്‍ :ചെവിയില്‍ നിന്നുള്ളതോ പല്ല് മുളച്ചു വരുമ്പോളുള്ളതോ ആയ വേദനകള്‍.

*മാനസിക സമ്മര്‍ദ്ദം: ഉത്കണ്ഠകള്‍ കൂടുന്ന സമയങ്ങളില്‍ കുട്ടികള്‍ പല്ലിറുമ്മുകയും ഇത് ഒരു ശീലമായി മാറുകയും സാധാരണ സമയങ്ങളില്‍ പോലും തുടരുകയും ചെയ്യും.

*പാരമ്പര്യമായി ലഭിക്കുന്നവ

*എഡിഎച്ച്ഡി(അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോര്‍ഡര്‍)പോലുള്ള ഹൈപ്പര്‍ ആക്റ്റിവിറ്റി രോഗങ്ങള്‍ അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി പോലുള്ള അവസ്ഥകള്‍ ഉള്ള കുട്ടികളില്‍ ബ്രക്‌സിസം കൂടുതലായി കണ്ടുവരുന്നു. അതുപോലെ ചില മരുന്നുകളോടുള്ള പ്രതിപ്രവര്‍ത്തനമായും ഇത് സംഭവിക്കാം.

*സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകള്‍ പല്ലിറുമ്മലിന് കാരണമാകാം

*ശ്വസന പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളില്‍ പല്ലിറുമ്മല്‍ കൂടുതലായി കാണാന്‍ സാധ്യതയുണ്ട്.

*വിരശല്യം ഉള്ള കുട്ടികളിലും ബ്രക്‌സിസം കണ്ടു വരാറുണ്ട്.

തലവേദന, താടി എല്ലുകളിലെ വേദന, ചെവി വേദന, മുഖത്തെ പേശികളിലും സന്ധികളിലും ഉള്ള വേദന, പല്ലുകളിലെ തേയ്മാനം, പല്ലു പുളിപ്പ് അങ്ങനെ കുട്ടികളില്‍ പല വിധ പ്രശ്‌നങ്ങള്‍ക്കും ബ്രക്‌സിസം കാരണമാകാറുണ്ട്.പക്ഷെ മുതിര്‍ന്നവരിലാണ് ഈ ശീലം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറ്.

കുട്ടികള്‍ ഉറങ്ങുമ്പോള്‍ പല്ലുകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം കേള്‍ക്കുന്നത്,രാവിലെ എഴുന്നേറ്റാല്‍ അവര്‍ മുഖത്തും താടിയെല്ലുകളും വേദനയുണ്ടെന്ന് പറയുന്നത്,ഭക്ഷണം ചവച്ചരയ്ക്കുമ്പോള്‍ അവര്‍ക്ക് വേദന അനുഭവവപ്പെടുന്നത് ഇവയൊക്കെ പാടേ അവഗണിക്കാതെ ഒരു ഡെന്റിസ്റ്റിനെ കാണുക.
അവര്‍ പല്ലുകളിലെ ഇനാമലില്‍ അസാധാരണമായ തേയ്മാനം ഉണ്ടോയെന്ന് പരിശോധിക്കും,പല മാര്‍ഗങ്ങളിലൂടെ പല്ലിന്റെ സംവേദനക്ഷമത പരിശോധിക്കും.പല്ലുകളില്‍ ബ്രക്‌സിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിന്റെ കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തുന്നതിനായി ഡെന്റിസ്റ്റ് നിങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചേക്കാം.

മിക്കവാറും അവസരങ്ങളില്‍ ബ്രക്‌സിസം നിരുപദ്രവകാരി ആണ്.

ബ്രക്‌സിസം തടയാന്‍:

എന്താണോ നിങ്ങളുടെ കുട്ടിക്ക് ബ്രക്‌സിസം ഉണ്ടാവാന്‍ കാരണം ആ കാരണത്തെ കണ്ടെത്തി അതിനാണ് ചികിത്സ നല്‍കേണ്ടത്.

കുട്ടികളില്‍ പല്ലിറുമ്മല്‍ ഉണ്ടാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം മാനസിക സമ്മര്‍ദ്ദം തന്നെയാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും കാണിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് തന്നെയാണ് ബ്രക്‌സിസത്തിന്റെ ചികിത്സയില്‍ പ്രാധാന്യവും. മാതാപിതാക്കളെയും കുട്ടികളെയും കൗണ്‍സില്‍ ചെയ്യുന്നതിലൂടെയും ക്ഷമയോടെയും സ്‌നേഹത്തോടെയും കുട്ടികളെ കേള്‍ക്കാന്‍ തയ്യാറാവുന്നതിലൂടെയും അത് സാധ്യമാകുന്നതാണ്.

പല്ലുകളുടെ ക്രമീകരണത്തില്‍ ഉള്ള അപാകതകള്‍ മൂലമാണ് പല്ലിറുമ്മല്‍ ഉണ്ടാവുന്നത് എങ്കില്‍ ആ ക്രമീകരണ തകരാറുകളെ ചികിത്സിച്ചു ഭേദമാക്കാനുള്ള നൂതനവും മികച്ചതുമായ വഴികള്‍ നിങ്ങളുടെ ഡെന്റിസ്റ്റിനു നിര്‍ദേശിക്കാന്‍ കഴിയും. പല്ലിന് കമ്പിയിടലും, മുഖത്തും വായയിലും ഘടിപ്പിക്കുന്ന ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയും എല്ലാം അതില്‍ ഉള്‍പ്പെടും.

പല്ലുകളെ സംരക്ഷിക്കാന്‍ കായിക താരങ്ങള്‍ ഉപയോഗിക്കുന്ന സംരക്ഷണ കവചങ്ങള്‍ പോലെയുള്ള ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ കുട്ടികളില്‍ അപൂര്‍വമായേ ചെയ്തു വരാറുള്ളൂ.വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ കുട്ടികളില്‍ ഇത്തരം ചികിത്സകള്‍ ചെയ്യാറുള്ളൂ.

കാരണം എന്തെന്ന് മനസിലാക്കി അതിന് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതിനാണ് ബ്രക്‌സിസത്തിന്റെ ചികിത്സയില്‍ പ്രാധാന്യം. ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അത് സാധ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News