കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് അശോക് ഗെലോട്ട്- ശശി തരൂര്‍ മത്സരം | Congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെലോട്ടും ശശി തരൂരും തമ്മിലുള്ള നേർക്കുനേർ മത്സരമാകും.രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന നിലപാടിൽ തന്നെ നിൽക്കുന്ന സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന്റെ നോമിനിയായി ഗെലോട്ട് മത്സരിക്കും.

26 ന് അശോക് ഗെലോട്ട് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും.സോണിയാ ഗാന്ധിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ തിരുത്തൽവാദി നേതാക്കളുടെ പൊതുസ്ഥാനാർത്ഥി ആയാകും തരൂർ മത്സരിക്കുക.

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന പ്രമേയം വിവിധ സംസ്ഥാന പിസിസികൾ പാസാക്കുന്നുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി.നിലവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബീഹാർ, തമിഴ്നാട് പിസിസികൾ പ്രമേയം പാസാക്കിയിട്ടുണ്ട്.

ഹിമാചൽ, ജമ്മു പിസിസികളും പ്രമേയം അവതരിപ്പിക്കാൻ ഇരിക്കെയാണ് രാഹുൽ നിലപാടിൽ ഉറച്ചു നിൽക്കുന്നത്.ഇതോടെയാണ് നെഹ്റു കുടുംബത്തിന്റെ നോമിയായി അധ്യക്ഷ സ്ഥാനത്തെക്കുള്ള മത്സരത്തിലേക്ക് അശോക് ഗെലോട്ട് എത്തുന്നത്.നേരത്തെ സോണിയാ ഗാന്ധി, ഗെലോട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നെഹ്റു കുടുംബത്തോട് ഏറ്റവും കൂടുതൽ കൂറ് പുലർത്തുന്ന നേതാവാണ് ഗെലോട്ട്. 26ന് ഗെലോട്ട് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.അതിനിടെ തിരുത്തൽവാദി നേതാക്കളുടെ പൊതു സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന ശശി തരൂരും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തരൂർ മത്സരിക്കുന്നതിൽ സോണിയാ ഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.അങ്ങനെയെങ്കിൽ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെലോട്ട് ശശി തരൂർ മത്സരത്തിനും അതിനുപരി നെഹ്റു കുടുംബ പക്ഷവും തിരുത്തൽ വാദി പക്ഷവും തമ്മിലുള്ള മത്സരത്തിനുമാകും വഴികൾ തുറക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here