ഇന്ത്യ – ഓസ്‌ട്രേലിയ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം | India vs Australia

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ട്വന്റി-20 മത്സരം ഇന്ന് നടക്കും. മൊഹാലിയിൽ രാത്രി 7:30 നാണ് മത്സരം. 3 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

ഒന്നര വർഷത്തിന് ശേഷമാണ് ഇന്ത്യയും ഓസ്ട്രേലിയയും ട്വന്റി-20 മത്സരത്തിൽ ഏറ്റുമുട്ടുന്നത്. 2020 ഡിസംബറിൽ നടന്ന ട്വൻറി – 20 പരമ്പരയിൽ മുഖാമുഖം വന്നപ്പോൾ 2-1 ന് പരമ്പര സ്വന്തമാക്കിയത് ടീം ഇന്ത്യയായിരുന്നു.

ന്യൂസിലണ്ടിനെ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ചെയ്താണ് കങ്കാരുപ്പട ഇന്ത്യയിൽ ട്വന്റി-20 പരമ്പരയ്ക്കെത്തുന്നത്. അതേസമയം ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന്റെ നിരാശ മറികടക്കാൻ ഉറച്ചാണ് ടീം ഇന്ത്യയുടെ ഒരുക്കം. സൂപ്പർ ബാറ്റർ വിരാട് കോഹ്ലി താളം കണ്ടെത്തിയത് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

കങ്കാരുപ്പടക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്ത ചരിത്രമാണ് വിരാടിനുള്ളത്. മധ്യനിര ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും മുനയൊടിഞ്ഞ ബോളിങ്ങുമാണ് ടീം ഇന്ത്യയുടെ തലവേദന. ഓപ്പണിംഗിൽ നായകൻ രോഹിതിനൊപ്പം കെ എൽ രാഹുൽ തന്നെയാകും ഇറങ്ങുക. വിരാട് കോഹ്ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തും.

കൊവിഡ് പൊസിറ്റീവായതിനാൽ മുഹമ്മദ് ഷമി ടീമിൽ ഇല്ല. ജസ്പ്രീത് ബൂംറയും ഹർഷൽ പട്ടേലും ദീപക് ചഹറും ഫോമിലേക്ക് ഉയർന്നാൽ കങ്കാരുപ്പടക്ക് മൂക്കുകയറിടാൻ ടീംഇന്ത്യയ്ക്ക് സാധിക്കും. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീം പരിചയ സമ്പന്നരുടെയും യുവതാരങ്ങളുടെയും കൂട്ടമാണ്.

സ്‌റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ , കമ്മിൻസ്, മാത്യു വെയ്ഡ് , ആദം സാമ്പ എന്നിവരുടെ അനുഭവസമ്പത്ത് കങ്കാരുപ്പടക്ക് ഗുണം ചെയ്യും. ഫിഞ്ചിനൊപ്പം ജോഷ് ഇംഗ്ലീസായിരിക്കും ഓപ്പൺ ചെയ്യുക. വമ്പനടികളുമായി കളം വാഴുന്ന പിഞ്ച് ഹിറ്റർ ടീം ഡേവിഡ് പരമ്പരയിൽ ഓസീസിനായി അരങ്ങേറും.

ആദ്യ ട്വന്റി-20യിൽ ജയിച്ച് പരമ്പരയിൽ ലീഡെടുക്കാനുറച്ച് ടീം ഇന്ത്യയും കങ്കാരുപ്പടയും കച്ചകെട്ടിയിറങ്ങുമ്പോൾ മൊഹാലിയിൽ അതിവേഗ ക്രിക്കറ്റ് ആവേശം അതിരു കടക്കുമെന്ന് തീർച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News