മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത് | K M Shaji

കെ എം ഷാജിയെ അനുകൂലിച്ചും, പ്രതികൂലിച്ചും മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത് എത്തിയതോടെ മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത് . കെ എം ഷാജിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിൽ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് എതിർപ്പുണ്ട്. എന്നാൽ ഷാജിക്കെതിരെ നടപടിയെടുത്താൽ നേതൃത്വം വെട്ടിലാകുമെന്ന മുന്നറിയിപ്പാണ് എം കെ മുനീർ വിഭാഗം നൽകുന്നത്.

വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കെ എം ഷാജിക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല . നടപടി താക്കീതിൽ ഒതുങ്ങുകയും ചെയ്തു.

പരസ്യമായി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടും ഷാജിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാത്തതാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നീരസത്തിന് കാരണം. കനത്ത നടപടിയിലേക്ക് പോയാൽ പാർട്ടി പിളരുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, പി എം എ സലാം, അബ്ദുസമദ് സമദാനി, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവർ കെ എം ഷാജിക്കെതിരെ നിൽക്കുമ്പോൾ , ഉന്നതാധികാര സമിതിയിലെ മറ്റ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീർ, എം കെ മുനീർ, കെ പി എ മജീദ്, പി വി അബ്ദുൽ വഹാബ് എന്നിവർ ഷാജിക്കൊപ്പമാണ്. ഷാജിയെ താക്കീത് ചെയ്തതിന് തൊട്ടുപിറകെ ഇടി മുഹമ്മദ് ബഷീർ, എം കെ മുനീർ, കെ പി എ മജീദ് എന്നിവർ പാണക്കാട്ടെത്തി തങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയതും ലീഗിലെ ഭിന്നതയ്ക്ക് കൂടുതൽ തെളിവാണ്.

എന്നാൽ നേരത്തെ കൊച്ചിയിൽ നടന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ നിശിതമായി വിമർശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത ഹംസയെ അടുത്തകാലത്തൊന്നും പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ല എന്നുള്ളതാണ് നേതൃത്വത്തിന്റെ നിലപാട് .

ഹംസയെക്കാൾ ഷാജി ആണ് പാർട്ടിയെയും നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയത് എന്നിരിക്കെ ഷാജിക്കെതിരെ കനത്ത നടപടി സ്വീകരിക്കാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനവും ഉയരുന്നുണ്ട്. പാർട്ടി പുന:സംഘടനാ നടപടിയിലേക്ക് നീങ്ങുമ്പോൾ നേതൃത്വത്തിലെ ഭിന്നത കൂടുതൽ മറനീക്കി പുറത്തു വരികയാണ് .

ഷാജിയെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കണമെന്ന ആവശ്യത്തെ തുടക്കത്തിൽ തന്നെ എതിർക്കുകയാണ് മറു വിഭാഗം. സമീപകാലത്തെ വിവാദങ്ങളുടെ പേരിൽ ഷാജിയെ മാറ്റി നിർത്തിയാൽ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ പി എം എ സലാം തന്നെ ജനറൽ സെക്രട്ടറിയാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here