Ration Shop:നാടിന്റെ വിശപ്പടക്കിയ ‘അരിപ്പീടിക’ 75 ന്റെ നിറവില്‍…

സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് നാടിന്റെ വിശപ്പടക്കിയ ‘അരിപ്പീടിക’ 75 ന്റെ നിറവില്‍. വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴയിലെ ARD 81 ആം നമ്പര്‍ റേഷന്‍ കടക്ക് നാടിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച് അന്നമൂട്ടിയതിന്റെ കഥയാണ് പറയാനുള്ളത്.

എആര്‍ഡി 81 ആം നമ്പര്‍ റേഷന്‍ കടയുടെ ചരിത്രം ഇങ്ങനെ…
ബ്രിട്ടീഷ് ഭരണകാലത്ത് 1946ല്‍ മദ്രാസ് സര്‍ക്കാറാണ് ഇന്നത്തെ വടകര റൂറല്‍ ബാങ്കിന്റെ ആദ്യ രൂപമായ പിസിസി ക്ക് ‘അരിപ്പിടിക’ ക്കുള്ള അനുമതി നല്‍കിയത്. വില്യാപ്പള്ളി സ്വദേശി പറയങ്കണ്ടി കെ പി കൊറുമ്പനായിരുന്നു നടത്തിപ്പുകാരന്‍. ദാരിദ്ര്യവും ക്ഷാമവും ഉണ്ടായ കാലത്ത് അരിപ്പീടികയുടെ പ്രവര്‍ത്തനം നിലച്ചു.

1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ‘ന്യായവില ഷോപ്പ്’ എന്ന പേരില്‍ അരി പീടികകള്‍ പുന:രുജ്ജീവിച്ചത്. ഒരു കുടുംബത്തിലെ സഹോദരങ്ങളായ കൊറുമ്പനില്‍ തുടങ്ങി കുമാരനും, പൊക്കനും, കണാരനും, രാഘവനും നടത്തി പോന്ന കടയുടെ ഉടമസ്ഥന്‍ 2019 മുതല്‍ രാഘവന്റെ മകള്‍ ഷൈമിയാണ്. പിസിസി ബാങ്കായ തോടെ 1979 ല്‍ കടയുടെ ലൈസന്‍സ് നടത്തിപ്പുകാര്‍ക്ക് നല്‍കാന്‍ ബാങ്ക് തീരുമാനിച്ചു. സേറായും, യൂണിറ്റായും അരി നല്‍കിയതിന്റെ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ രാഘവന്‍ ഓര്‍മ്മിക്കുന്നു.

വില്യാപ്പള്ളി ടൗണില്‍ വാഹനത്തിലെത്തുന്ന അരിയും മറ്റും സ്ത്രീകള്‍ തലച്ചുമടായാണ് അക്കാലത്ത് അരയാക്കുല്‍ താഴയിലെ കടയില്‍ എത്തിച്ചിരുന്നത്. നഷ്ടം സഹിക്കാനാവാതെ സമീപത്തെ മറ്റു റേഷന്‍ കടകള്‍ നിര്‍ത്തിയപ്പോള്‍ 1500 ലേറെ കാര്‍ഡുടമകള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ വിതരണം ചെയ്തു. ദാരിദ്ര്യത്തിന്റെ നാളുകളില്‍ ഒരു ദിവസത്തെയും രണ്ടു ദിവസത്തെയും അരിവാങ്ങാനാണ് ആവശ്യക്കാര്‍ അധികവും എത്തിയിരുന്നത്. അന്നൊക്കെ ഒരാഴ്ചയിലെ അരി ഒരുമിച്ച് വാങ്ങുന്നവര്‍ വളരെ വിരളമെന്ന് രാഘവന്‍ പറഞ്ഞു. ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ റേഷന്‍ കടയിലെത്തി. ഒരു മാസത്തെ റേഷന്‍ വിഹിതം ഒരുമിച്ച് വാങ്ങുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. റേഷന്‍ കട പേര് മാറി പൊതുവിതരണ കേന്ദ്രമാണിന്ന്. കട നടത്തിപ്പുകാര്‍ക്ക് തരക്കേടില്ലാത്ത വരുമാനവും ഇന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News