Idukki:വണ്ടിപ്പെരിയാറില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പുലി കെണിയിലകപ്പെട്ടു

(Idukki)ഇടുക്കി വണ്ടിപ്പെരിയാറില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പുലി ഒടുവില്‍ കെണിയിലകപ്പെട്ടു. കഴിഞ്ഞ എട്ട് മാസമായി പ്രദേശവാസികള്‍ക്ക് ഭീഷണിയായിരുന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് അകപ്പെട്ടത്. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ പുലികളുടെ സാന്നിധ്യമുള്ളതായാണ് പ്രദേശവാസികളും നാട്ടുകാരും പറയുന്നത്.

വണ്ടിപ്പെരിയാര്‍ 40 പുതുവല്‍ കോളനിക്ക് സമീപം കഴിഞ്ഞ എട്ട് മാസക്കാലമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരുന്ന പുലിയാണ് ഒടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസിയുടെ രണ്ട് ആടുകളെ പുലി പിടിച്ചതായിരുന്നു ഒടുവിലെ സഭവം. ഇതോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടിക്കണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും വനപാലകരെത്തി ക്യാമറ സ്ഥാപിക്കുകയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് പുള്ളി പുലിയുടെ സാന്നിധ്യമാണുള്ളതെന്ന് മനസിലാക്കിയതോടെ വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുകയായിരുന്നു. കൂട് സ്ഥാപിച്ച് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാത്രിയോടെ പുലി കൂട്ടിലകപ്പെട്ടത്. ജനവാസമേഖലയുടെ 50 മീറ്റര്‍ അകലെയായിട്ടായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്.

കെണിയിലകപ്പെട്ട പുലിയെ കൂടാതെ വേറയും പുലികള്‍ പ്രദേശത്ത് എത്തുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്. കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വൈല്‍ഡ് ലൈഫ് ഡോക്ടര്‍ അടക്കമുള്ള വനപാലക സംഘം സ്ഥലത്തെത്തി. പുലിയെ തേക്കടി വനമേലഖലയിലെത്തിച്ച് തുറന്നു വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here