ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം : പി രാജീവ് | P Rajeev

സ്വതന്ത്രവും സ്വന്തവുമായി തീരുമാനം എടുക്കാൻ കഴിയാത്ത പദവിയാണ് ഗവർണറുടേതെന്ന് മന്ത്രി പി രാജീവ് .ബില്ല് നിയമസഭയുടേതാണ് .അത് ഒപ്പിടുക , സംശയമുണ്ടെങ്കിൽ ഗവർണർക്ക് നിയമസഭയ്ക്ക് തിരിച്ചയക്കാം. പക്ഷേ പിന്നീട് നിയമസഭ പാസാക്കി അയക്കുന്ന ബില്ല് ഒപ്പിടണം.ഭരണഘടനയ്ക്ക് വിരുദ്ധമായി ഗവർണർക്ക് പ്രവർത്തിക്കാൻ സാധിക്കുമോയെന്ന് മന്ത്രി ചോദിച്ചു.

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനം വൈകിപ്പിക്കുന്നത് ജനാധിപത്യ സംവിധാനത്തിലെ വലിയ വെല്ലുവിളിയാണെന്ന് സുപ്രീംകോടതിയിലെ നിയമ വിദഗ്ധർ വിലയിരുത്തുന്നു. തീരുമാനങ്ങൾ എടുക്കുന്നതിൽ ഗവർണർമാരും രാഷ്ട്രപതിയും വരുത്തുന്ന കാലതാമസം ഒഴിവാക്കേണ്ടതാണെന്ന് നിരവധി വിധികളിലൂടെ സുപ്രീംകോടതി തന്നെ പരാമർശം നടത്തിയിട്ടുണ്ട്.

ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം വൈകിയത് ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ കുറ്റവാളികളുടെയും വധശിക്ഷ സുപ്രീംകോടതി ജീപര്യന്തമാക്കിയിരുന്നു. ഇതേ കേസിലെ കുറ്റവാളികളെ ജയിൽ മോചിതരാക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനം രണ്ട് വർഷത്തിലധികം ഗവർണർ വൈകിപ്പിച്ചതും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.

മന്ത്രിസഭയുടെ തീരുമാനം ഗവർണർ അംഗീകരിക്കണം എന്നായിരുന്നു ആ വിധിയിൽ സുപ്രീംകോടതി പരാമർശം. എന്നാൽ പിഴവുകൾ ചൂണ്ടികാണിക്കാനല്ലാതെ ഗവർണർമാർക്കും രാഷ്ട്രപതിക്കും നിർദ്ദേശങ്ങൾ നൽകാൻ സുപ്രീംകോടതിക്കും അധികാരമില്ല. അതാണ് കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ആയുധം.

നിയമസഭ പാസാക്കുന്ന ബില്ലുകൾ പരിഗണനക്കെത്തിയാൽ അതിൽ ഒപ്പിടുകയോ, വിയോജിച്ച് തിരിച്ചയക്കുകയോ ചെയ്യാൻ ഗവർണർക്ക് ഭരണഘടനയുടെ 200 അനുഛേദം അധികാരം നൽകുന്നു. തിരിച്ചയക്കുന്ന ബില്ലുകൾ വീണ്ടും എത്തിയാൽ അതിൽ ഗവർണർ ഒപ്പുവെക്കേണ്ടിവരും. ബില്ല് പാസായാൽ വലിയ അപകടമെന്ന് ചൂണ്ടിക്കാട്ടി അന്തിമ അംഗീകാരം രാഷ്ട്രപതിക്ക് വിടലാണ് മൂന്നാമത്തെ വഴി.

പക്ഷെ, ബില്ലിൽ നിശ്ചിത സമയത്തിനകം ഗവർണർ ഒപ്പുവെക്കണമെന്നോ, തീരുമാനം എടുക്കണമെന്നോ ഭരണഘടന നിർവചിക്കുന്നില്ല. കേരള നിയമസഭ പാസാക്കിയ പതിനൊന്ന് ബില്ലുകളാണ് നിലവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിലുള്ളത്. ഈ ബില്ലുകൾ ഒപ്പിടാതെ എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാം.

ഇ.എം.എസ് സർക്കാരിൻറെ കാലത്ത് കാർഷിക ബില്ലിൽ രാഷ്ട്രപതി വരുത്തിയ കാലതാമസം ചരിത്രമാണ്. പല സംസ്ഥാനങ്ങളിലും വർഷങ്ങളായി കെട്ടികിടക്കുന്ന ബില്ലുകളുണ്ട്. ഗവർണർമാരുടെ വിവേചനാധികാരമായി വ്യഖ്യാനിക്കപ്പെടുന്ന ഈ നടപടി പക്ഷെ, ഫെഡറൽ സംവിധാനത്തിലും ജനാധിപത്യ. സംവിധാനത്തിലും വലിയ വെല്ലുവിളി എന്നാണ് വിമർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here