World Alzheimer’s Day | ഇന്ന് ലോക അല്‍ഷിമേ‍ഴ്സ് ദിനം

ഇന്ന് സെപ്റ്റംബർ 21- ലോക മറവിരോഗ ദിനം അഥവാ അൽഷിമേഴ്സ് ദിനം.ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായുള്ള ഒരു ദിനം. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, രോഗം നേരത്തെ കണ്ടെത്തുക, തുടർ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യം.

‘മേധാക്ഷയത്തെ അറിയൂ, അൽഷിമേഴ്‌സ് രോഗത്തെ അറിയൂ’ (Know Dementia, Know Alzheimer’s) എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഓർമകളുടെ താളം പൂർണമായും തെറ്റുന്ന ഒരു രോഗാവസ്ഥയാണ് അൽഷിമേഴ്സ്. അൽഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവയിലെ മാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. മറവി രോഗത്തിൻറെ ആദ്യ നാളുകളിൽ വ്യക്തിക്ക് ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും.

തീവ്രഘട്ടത്തിൽ വ്യക്തി എത്തിച്ചേരുമ്പോൾ, ഓർമിക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവുകൾ ഇല്ലാതായി തീരും. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ വളരെ തീവ്രമായ ഘട്ടത്തിലേക്ക് എത്തിച്ചേരാം.

നേരത്തെ തന്നെ മറവി രോഗത്തിൻറെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ…

ഒന്ന്…

ഒരു വ്യക്തി അൾഷിമേഴ്സ് ബാധിതനാണെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓർമ്മക്കുറവ്. ഒരാൾ ഒരു സ്ഥലം സന്ദർശിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതിനെക്കുറിച്ച് പൂർണ്ണമായി മറക്കുകയോ അല്ലെങ്കിൽ വീട്ടിലെ ബാത്ത്റൂം പോലുള്ള പരിചിതമായ സ്ഥലങ്ങളെക്കുറിച്ച് ആശയക്കുഴപ്പം നേരിടുകയോ അല്ലെങ്കിൽ ഒന്നോ രണ്ടോ തവണയല്ല സ്ഥിരമായി താക്കോൽ സൂക്ഷിക്കുന്നത് എവിടെയെന്ന് മറക്കുകയോ ചെയ്താൽ, അത് അൾഷിമേഴ്സിന്റെ പ്രധാനലക്ഷണമാണെന്ന് കരുതാം.

രണ്ട്…

പണം കണക്കുകൂട്ടുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഒരു വ്യക്തിയ്ക്ക് പണം കൈകാര്യം ചെയ്യാനും ബില്ലുകൾ അടയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു ആദ്യ ലക്ഷണം.

മൂന്ന്…

അൽഷിമേഴ്സ് ബാധിച്ച ഒരാൾക്ക് മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. വിഷാദരോഗം അൾഷിമേഴ്സ് രോഗത്തിന്റെ വളരെ നേരത്തെയുള്ള ഒരു ലക്ഷണമാണ്.

നാല്…

വസ്തുക്കൾ അല്ലെങ്കിൽ പ്രവർത്തികൾ നിരീക്ഷിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

അഞ്ച്…

ഒരാൾക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അതും അൽഷിമേഴ്സിന്റെ മറ്റൊരു ലക്ഷണമാണ്.

ആറ്…

വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓർമിച്ചെടുക്കാൻ ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകൾ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകൾ നഷ്ടമാകുന്നു. ഈ അവസ്ഥയിൽ എങ്ങനെ പല്ലുതേക്കണമെന്നും മുടി ചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങൾ കാണിച്ചുതുടങ്ങുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News