സര്‍വ്വകലാശാലാ, ലോകായുക്ത ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ | Arif Mohammad Khan

ഭരണ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ലോകായുക്താ ബില്ലും , സര്‍വ്വകലാശാല ബില്ലും ഗവര്‍ണര്‍ ഒപ്പുവച്ചില്ല. ഇതൊ‍ഴികെ 5 ബില്ലുകള്‍ ഒപ്പിട്ടതായി രാജ്ഭവന്‍ വ്യക്തമാക്കി.

ബിൽ പിടിച്ചുവയ്ക്കാനാകില്ല ; ഗവർണർക്കെതിരെ പ്രതിഷേധം കനക്കുന്നു

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത്‌ അനന്തമായി നീട്ടാൻ ഗവർണർക്കാകില്ല. അത്‌ നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാകും. ബില്ലുകൾ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ അധികാരമില്ലെന്നിരിക്കെ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ തുടർനടപടി നിർണായകമാകുമെന്നാണ്‌ നിയമ വൃത്തങ്ങൾ നൽകുന്ന സൂചന. ഭരണഘടന പ്രകാരം ബില്ലിന്മേൽ പൊതുവായി ഗവർണർമാർ സ്വീകരിച്ചുവരുന്ന നടപടിയേ ഇവിടെയും എടുക്കാനാകൂ.

അതേസമയം ആർഎസ്‌എസ്‌– ബിജെപി കേന്ദ്രങ്ങളുടെ താളത്തിനനുസരിച്ച്‌ രാഷ്‌ട്രീയം കളിക്കാൻ ഗവർണർ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നതിനെതിരായ പ്രതിഷേധം കേരളത്തിൽ ശക്തമാകുകയാണ്‌.

ഗവർണർക്ക്‌ ചെയ്യാവുന്നത്‌

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക്‌ ഭരണഘടന പ്രകാരം ചെയ്യാവുന്നത് മൂന്നു കാര്യമാണ്‌; ഒപ്പിട്ട് അംഗീകാരം നൽകുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക്‌ വിടുക, ഒപ്പിടാതെ തിരിച്ചയക്കുക. തിരിച്ചയക്കപ്പെടുന്നവ അതേപടി വീണ്ടും നിയമസഭ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർ ബാധ്യസ്ഥനാണെന്ന്‌ ഭരണഘടന (അനുച്ഛേദം 200) വ്യക്തമാക്കുന്നു.

ബില്ലുകൾ വന്ന വഴി

തുടർച്ചയായി ഓർഡിനൻസുകൾ ഒപ്പിടാൻ കഴിയില്ലെന്നും ബിൽ പാസാക്കണമെന്നും പറഞ്ഞ്‌ 11 ഓർഡിനൻസ്‌ തിരിച്ചയച്ച്‌ കോലാഹലമുണ്ടാക്കിയത്‌ ഗവർണറാണ്‌. തുടർന്നാണ്‌ നിയമസഭ ചേർന്ന്‌ ബില്ലുകൾ പാസാക്കിയത്‌. സംസ്ഥാനത്ത്‌ പബ്ലിക്‌ ഹെൽത്ത്‌ അതോറിറ്റി നിലവിൽ വരുന്നതിനും പൊതുജനാരോഗ്യം ഉറപ്പ്‌ വരുത്താനുള്ള വാർഷിക പദ്ധതിക്കും ആവശ്യമായ കേരള പബ്ലിക്‌ ഹെൽത്ത്‌ ഓർഡിനൻസ്‌ ( 12/2022 ) ഉൾപ്പെടെയാണ്‌ അന്ന്‌ മടക്കി അയച്ചത്‌.

ബില്ലുകൾ 
വിശദീകരിക്കണം: ഗവർണർ

നിയമസഭ പാസാക്കിയ ബില്ലുകളുടെ ഉള്ളടക്കം സംബന്ധിച്ച്‌ വകുപ്പ്‌ മന്ത്രിമാരോ സെക്രട്ടറിമാരോ രാജ്‌ഭവനിൽ വന്ന്‌ വിശദീകരണം നൽകിയാലേ ഒപ്പിടാനാകൂവെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ഖാൻ. ഏതെങ്കിലും പ്രത്യേക ബിൽ എന്നല്ല, എല്ലാ ബിൽ സംബന്ധിച്ചും ‘ ബ്രീഫ്‌ ’ ചെയ്യണം. ഇക്കാര്യം നേരത്തേ ചീഫ്‌ സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും രാജ്‌ഭവൻ വൃത്തങ്ങൾ അറിയിച്ചു. ബുധൻ വൈകിട്ട്‌ ന്യൂഡൽഹി, മുംബൈ, അസം എന്നിവിടങ്ങളിൽ സന്ദർശനത്തിന്‌ പോകുന്ന ഗവർണർ ഒക്ടോബർ ആദ്യആഴ്‌ചയേ തിരിച്ചെത്തൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here