Uddhav Thackeray: താക്കറെ ഷിന്‍ഡെ പോര്‍വിളി നേര്‍ക്കുനേര്‍ ; അനുമതി ലഭിച്ചില്ലെങ്കിലും ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്തുമെന്ന് ശിവസേന താക്കറെ വിഭാഗം

മഹാരാഷ്ട്രയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുമ്പോഴാണ് ബിഎംസിയുടെ അനുമതി ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലി ശിവാജി പാര്‍ക്ക് ഗ്രൗണ്ടില്‍ തന്നെ നടത്തുമെന്ന പ്രഖ്യാപനവുമായി താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗവും മുഖ്യമന്ത്രി ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും സെന്‍ട്രല്‍ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലി സംഘടിപ്പിക്കാന്‍ അനുമതി തേടിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള പോര്‍വിളി രൂക്ഷമായത്.

മുന്‍ മുംബൈ മേയര്‍ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാക്കളുടെ സംഘം ബിഎംസി അധികൃതരെ കണ്ട് റാലി നടത്താനുള്ള അനുമതിക്കായുള്ള അപേക്ഷയുടെ സ്ഥിതിയെക്കുറിച്ച് ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അനുമതി ലഭിച്ചാലും ഇല്ലെങ്കിലും താക്കറെയുടെ ശിവസേന പ്രവര്‍ത്തകര്‍ റാലിക്കായി ശിവാജി പാര്‍ക്കില്‍ ഒത്തുകൂടുമെന്ന് മിലിന്ദ് വൈദ്യ പറഞ്ഞത്.

താക്കറെ ഷിന്‍ഡെ വിഭാഗങ്ങള്‍ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലി സംഘടിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ശിവസേനയുടെ തുടക്കം മുതല്‍ ശിവാജി പാര്‍ക്കില്‍ ദസറ റാലി സംഘടിപ്പിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ബിഎംസി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അനുമതി വൈകിയതോടെ ബദലായി ബാന്ദ്ര കുര്‍ള കോംപ്ലക്സിന്റെ (ബികെസി) എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ റാലി നടത്താനുള്ള അനുമതിക്കായി ഇരു വിഭാഗങ്ങളും അപേക്ഷിച്ചിരുന്നു. എന്നാല്‍ ഷിന്‍ഡെ വിഭാഗത്തിന് ബികെസിയില്‍ അനുമതി ലഭിച്ചതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതേ സമയം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ ശിവാജി പാര്‍ക്കില്‍ റാലി നടത്താന്‍ അനുവദിക്കണമെന്നും അനുമതി നല്‍കിയില്ലെങ്കില്‍ ശിവസേന നിയമത്തെ സമീപിക്കണമെന്നും എന്‍സിപി നേതാവ് അജിത് പവാര്‍ പറഞ്ഞു.

ഷിന്‍ഡെ വിഭാഗത്തിന് ബികെസി ഗ്രൗണ്ട് ലഭ്യമാണെങ്കില്‍ ശിവാജി പാര്‍ക്കില്‍ റാലി നടത്താന്‍ ഉദ്ധവ് താക്കറെയെ അനുവദിക്കണമെന്നാണ് അജിത് പവാര്‍ ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News