Kollam | ജപ്തി ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; ദുഃഖം രേഖപ്പെടുത്തി മന്ത്രി വിഎൻ വാസവൻ

കൊല്ലം ശൂരനാട് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുഃഖമുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. സംസ്ഥാന സർക്കാർ സർഫാസി ആക്ടിന് എതിരാണെന്നും, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നതെന്നും വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

അതേസമയം സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെങ്കിൽ നടപടി വേണമെന്ന് സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം വ്യക്തമാക്കി. ഇന്നലെയാണ് ശൂരനാട് അജികുമാർ ശാലിനി ദമ്പതികളുടെ മകൾ അഭിരാമിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട എരുമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥിനിയാണ്. പ്രവാസിയായിരുന്ന അജികുമാർ നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ശാലിനി നീതി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയാണ്.

അജികുമാർ കേരള ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്ന് 2019ൽ പത്ത് ലക്ഷം രൂപ ലോൺ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ബോർഡ് സ്ഥാപിച്ചു. ഈ സമയം അജികുമാറിന്റെ അച്ഛനും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടര്‍ന്ന് അജികുമാറും ഭാര്യയും കാര്യങ്ങള്‍ അന്വേഷിക്കാൻ ബാങ്കിലേക്ക് പോയ സമയത്താണ് സംഭവം.

കിടപ്പുമുറിയിലെ ജനറൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഭിരാമിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജപ്തിയുണ്ടാകുമെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എന്നാൽ നിയമപ്രകാരമുള്ള കുടിശ്ശിക നോട്ടീസ് മാത്രമാണ് പതിച്ചതെന്നും ഇറക്കിവിടാനോ, ​ജപ്തി ചെയ്യാനോ ശ്രമിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. മൃതദേഹം ബുധനാഴ്ച മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം ചെയ്ത ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here