ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും ; വിവാദമായപ്പോള്‍ ഗാന്ധി ചിത്രം വച്ച് മറച്ചു | Bharat Jodo Yatra

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും .നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ്
സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.

രാഹുൽഗാന്ധിയുടെ ജോഡോ യാത്രയെ വരവേൽക്കാൻ ആർഎസ്‌എസ്‌ സൈദ്ധാന്തികനും ഗാന്ധി വധക്കേസ്‌ പ്രതിയുമായ വി ഡി സവർക്കറുടെ ചിത്രത്തോടെ വലിയ കമാനം. ആലുവ മണ്ഡലത്തിൽ നെടുമ്പാശേരി എയർപോർട്ട് ജംഗ്‌ഷനു സമീപം കോട്ടായിയിൽ ദേശീയപാതയിൽ കോൺഗ്രസ്‌ ചെങ്ങമനാട്‌ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ്‌ സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം സവർക്കറും സ്ഥാനം പിടിച്ചത്‌.

ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രം തൂക്കി സവർക്കറുടെ ചിത്രം മറച്ചു.ജോഡോയാത്ര എത്തുന്നതിനു തൊട്ടുമുമ്പുമാത്രമാണ്‌ സവർക്കർ ചിത്രം ഗാന്ധി ചിത്രമിട്ടു മൂടിയത്‌.

കോൺഗ്രസ്‌ എംഎൽഎ അൻവർ സാദത്തിന്റെ മണ്ഡലമായ ആലുവയിൽ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ്‌ ഈ ബാനർ സ്ഥാപിച്ചത്‌. അൻവർ സാദത്തിന്റെ സ്വന്തം ബൂത്തിലാണ്‌ ഈ സംഭവം. ചെങ്ങമനാട്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ കപ്രശേരിയുടെ നേതൃത്വത്തിലാണ്‌ ബാനർ സ്ഥാപിച്ചത്‌.

സംഭവം വിവാദമായതോടെ ഐഎൻടിയുസി പ്രാദേശിക നേതാവ്‌ സുരേഷ്‌ അത്താണിയുടെ നേതൃത്വത്തിലാണ്‌ എവിടെ നിന്നോ ഗാന്ധിജിയുടെ വേറെ വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന്‌ സവർക്കറുടെ ചിത്രത്തിനുമുകളിൽ തൂക്കിയത്‌. അപ്പോഴുംഗാന്ധി വധക്കേസ്‌ പ്രതിയായിരുന്ന സവർക്കറുടെ ചിത്രം ഗാന്ധിചിത്രത്തിനു പിന്നിലുണ്ട്‌. അതു ബാനറിൽ നിന്ന്‌ വെട്ടിമാറ്റിയിട്ടില്ല.

അൻവർ സാദത്ത് എം എൽ എ യുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി കൊച്ചി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരുനീക്കങ്ങൾ സജീവമായതോടെ, രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി കൊച്ചി മാറി.ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ നേതാക്കൾ ഒന്നൊന്നായി എത്തുകയാണ്.

അശോക് ഗെലോട്ടിനെതിരായ നീക്കങ്ങളുടെ ഭാഗമായി സച്ചിൻ പൈലറ്റ് രാഹുലിനെ കണ്ടു. സമ്മർദം ഫലിച്ചില്ലെങ്കിൽ പൈലറ്റിൻ്റെ നിർണായക പ്രഖ്യാപനത്തിന് കൊച്ചി വേദിയാകും. അപകടം തിരിച്ചറിഞ്ഞ ഗെലോട്ടും ഉടൻ കൊച്ചിയിലെത്തും.

കെ സി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ജാഥയിലുണ്ട്. അതിനിടെയാണ് സച്ചിൻ പൈലറ്റ് കൂടി എത്തിയത്. പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൂടി എത്തുന്നതോടെ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമാവുകയാണ് കൊച്ചി. ഗെലോട്ടിനെതിരായ കരുനീക്കങ്ങളുടെ ഭാഗമായാണ് പൈലറ്റിൻ്റെ വരവ്.

രാഹുൽ ഗാന്ധി തന്നെ പ്രസിഡണ്ട് പദവി ഏറ്റെടുക്കണമെന്നാണ് സച്ചിൻ പൈലറ്റിൻ്റെ ആവശ്യം. അല്ലെങ്കിൽ തൻ്റെ എതിരാളിയായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷനാകും .ഇതിന് തടയിടുകയാണ് പൈലറ്റിൻ്റെ ലക്ഷ്യം.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഗെലോട്ട് തയ്യാറാണ് . എന്നാൽ മുഖ്യമന്ത്രി പദവി ഒഴിയില്ല. ഇനി ഒഴിയാൻ നിർബന്ധിതനായാൽ താൻ നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം ഇതാണ് ഗെലോട്ടിൻ്റെ ആവശ്യം. എന്നാൽ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന പൈലറ്റ് ഇതംഗീകരിക്കുന്നില്ല.

ബി ജെ പി യിൽ ചേരുന്നതിന് മുൻപേ തയ്യാറെടുത്തിരിക്കുന്ന സച്ചിൻ പൈലറ്റ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ എത്തിയത്. അപകടം തിരിച്ചറിഞ്ഞ അശോക് ഗെലോട്ട് ഉടൻ കൊച്ചിയിലെത്തും. തൻ്റെ നിലപാടിൽ മാറ്റമില്ലെന് രാഹുലിനെ അറിയിക്കുകയാണ് ലക്ഷ്യം. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ജയറാം രമേശ് തയ്യാറായില്ല. രാജസ്ഥാൻ കോൺഗ്രസിൽ എന്ത് സംഭവിക്കുന്നു എന്ന് അറിയില്ലന്നായിരുന്നു ജയറാം രമേശിൻ്റെ പ്രതികരണം.

സച്ചിൻ പൈലറ്റിൻ്റെ നീക്കങ്ങളെ ബി ജെ പി നേതൃത്വവും നിരീക്ഷിക്കുന്നുണ്ട്.രാഹുലിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സച്ചിൻ പൈലറ്റിൽ നിന്നും നിർണ്ണായകമായ
ചില പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News