വനിതാ ഏഷ്യാ കപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Asia Cup

വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്.

പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാതിരുന്ന ജമീമ റോഡ്രിഗസ് തിരികെയെത്തി. ഇംഗ്ലണ്ടിനെതിരെ ടീമിലുണ്ടായിരുന്ന തനിയ ഭാട്ടിയയെ ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമാക്കി.

അടുത്ത മാസം 1 മുതൽ 15 വരെയാണ് ഏഷ്യാ കപ്പ്. ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പര കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ടി-20 ലോകകപ്പിനും അയക്കുന്നത്. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാവുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ എക്സ്പ്ലോസിവ് ബാറ്റർ കെപി നവ്ഗിരെ ടീമിൽ ഇടം നിലനിർത്തി. അതേസമയം, വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയക്ക് ഇടം ലഭിച്ചില്ല.

തനിയ ഭാട്ടിയക്കൊപ്പം സിമ്രാൻ ബഹാദൂറും സ്റ്റാൻഡ് ബൈ താരമാണ്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം.

ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകൾ ഏഷ്യാ കപ്പിൽ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ നടക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ സെമി കളിക്കും.

ഒക്ടോബർ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ദിവസത്തിലെ രണ്ടാം മത്സരമാണ് ഇത്. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News