സംഘപരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാര്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നത്. ആര്‍എസ്എസ് പരിശീലന പരിപാടിയില്‍ പങ്കെടുത്തതില്‍ ഗവര്‍ണര്‍ ഊറ്റം കൊള്ളുകയാണ്. 1986 മുതല്‍ ആര്‍എസ്എസ് ബന്ധം ഉണ്ടെന്നു പറയുന്നു.

ആര്‍എസ്എസിനോട് കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി പറയുന്ന ഗവര്‍ണര്‍ എക്കാലത്തും കൊലകളില്‍ ആര്‍എസ്എസ് ഉണ്ടെന്നത് ഓര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്‌നേഹം വാരിക്കോരി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഹ്റു റിപബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസിനെ ക്ഷണിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍, ഈ വാദത്തിന് രേഖയില്ല. നെഹ്റു റിപബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസിനെ ക്ഷണിച്ചു എന്ന വാദമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത തേടി മാധ്യമസ്ഥാപനമായ ഇന്ത്യാ ടുഡേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ്. എന്നാല്‍, നെഹ്റു റിപബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസിനെ ക്ഷണിച്ചതിനോ ആര്‍എസ്എസ് പങ്കെടുത്തതിനോ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്.

കൂടാതെ ഹിന്ദുത്വ അജണ്ട തുറന്നു കാട്ടിയ ആളാണ് ഇര്‍ഫാന്‍ ഹബീബെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇര്‍ഫാന്‍ ഹബീബിനോടും ഗോപിനാഥ് രവീന്ദ്രനും ആര്‍ എസ് എസിനെ എതിര്‍ക്കുന്നതാണ് ഗവര്‍ണര്‍ക്കുള്ള വിദ്വേഷം. സ്വാഭിപ്രായവും ചരിത്ര വസ്തുതകളും തുറന്നു പറയാന്‍ ഈ ചരിത്രകാരന്‍ സധൈര്യം മുന്നോട്ടുവന്നിട്ടുണ്ടെന്നും ചരിത്രം വളച്ചൊടിച്ച് ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനും മധ്യകാല ചരിത്രം വളച്ചൊടിക്കാനും ആര്‍ എസ് എസ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തി അതിന് വിരുദ്ധമായി സംസാരിച്ചപ്പോഴാണ് അക്കാദമിക സമൂഹം പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ഒതുക്കുകയാണ് സംഘ പരിവാര്‍ അജണ്ട. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംഘപരിവാര്‍ ബന്ധമുള്ളവരെ നിയമിക്കാനാണ് നീക്കം. കേരള സര്‍വകലാശാലയില്‍ ഇതിനുള്ള നീക്കം നടക്കുന്നു. ആര്‍ എസ് എസിന്റെ രാഷ്ടീയ പരീക്ഷണശാലയാക്കാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണോ എന്നും നെഞ്ചു വിരിച്ച് നിന്ന് ഇതിനെ നേരിടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദപ്പെടുത്തി അനര്‍ഹമായി ഒന്നും നേടിയെടുക്കാന്‍ സര്‍ക്കാരിനില്ലെന്നും വായിച്ചു നോക്കിയിട്ടില്ലെന്നു പറയുന്ന ബില്ലകള്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ വിധിയോടെയുള്ള ഈ തീരുമാനം ഭരണഘടനാപരമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാന്‍ തീരുമാനിച്ചത് ഗവര്‍ണറാണ്. ഇതിനെതിരേയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറയുന്നത് ഭരണഘടനാപരമാണോ എന്നും ബില്ലുകള്‍ അനന്തമായി പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ നിന്നു കൊണ്ടു പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇരുന്നുകൊണ്ട് പറയുന്നു. ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകണമെന്നും കോടതി വിധികളില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധികള്‍ കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ വിപത്കരമാണ്. ഗവര്‍ണര്‍ വാരിക്കോരി ആര്‍ എസ് എസിനെ പ്രശംസിച്ചുവെന്നും ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ എസ് എസിനോട് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നും ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്സ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

63-ലെ റിപ്പബ്‌ളിക്ക് പരേഡില്‍ ആര്‍ എസ് എസിനെ പങ്കെടുപ്പിച്ചെന്ന ഗവര്‍ണറുടെ വാദം ശരിയാണോ എന്നും അത്തരം രേഖകളോ തെളിവുകളോ ഇല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ആര്‍ എസ് എസ്സിന്റെ ഒടി സി ക്യാമ്പുകളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ഗവര്‍ണര്‍ പറയുന്നു. ചരിത്ര കോണ്‍ഗ്രസില്‍ ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News