പിണറായി വിജയനെ ആരിഫ് മുഹമ്മദ് ഖാന് അറിയില്ല; മാസ്സായി മുഖ്യമന്ത്രി

എന്തെങ്കിലും ആനുകൂല്യം നേടാൻ ആരുടെയും പിന്നാലെ പോകുന്നയാളല്ല താനെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും മുഖ്യമന്ത്രി. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുള്ള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടതുപക്ഷം ഇവിടെ ഉള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.  പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സംഘപരിവാറിന്‍റെ ശ്രമം. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്.

മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞതാണിത്. കോവിഡ് ബൂസ്റ്റര്‍ ഡോസ് പ്രക്രിയ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ആ പശ്ചാത്തലത്തില്‍,   കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വിഷയം സാന്ദര്‍ഭികമായല്ലാതെ  ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല.

ഈ വിഷയത്തില്‍ ഒറ്റക്കാര്യമേ  പറയാനുള്ളൂ. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തില്‍ നടപ്പാവില്ല. ഇത് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളം  ഒറ്റക്കെട്ടാണ്. ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണില്‍ നടപ്പാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീർത്തും  അസാധാരണമായ ഒരനുഭവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാം. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു പറഞ്ഞു എന്ന പ്രത്യേകതയാണ് കാണാനാവുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും  വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്.  ഗാന്ധിജി  വധിക്കപ്പെട്ടപ്പോള്‍   നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്.   കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവർണർ  എക്കാലത്തും  കേരളത്തിന്‍റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ   പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും  ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല.

1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്‍റെ ആര്‍ എസ് എസ് ബന്ധം ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ഒരു വാദം.  ഇത് വസ്തുതാപരമാണോ?  ആര്‍എസ്എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ  നല്‍കിയ  വിവരാവകാശ  അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം.  ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്,  ആര്‍എസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്‍റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്‍റെ  വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും  ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ആര്‍എസ്എസിന്‍റെ സംഘടനാ ട്രെയിനിങ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പുകള്‍ (ഓ.ടി.സി.). ഒന്നും രണ്ടും മൂന്നും ഓടിസി കഴിഞ്ഞവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഓ. ടി. സി. യില്‍ ആറു തവണയോമറ്റോ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് ഊറ്റം കൊള്ളുകയുണ്ടായി കഴിഞ്ഞദിവസം ഗവര്‍ണര്‍. എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവുകള്‍ വേണോ?.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ സംഭവിച്ച ഒരു കാര്യമാണ്  അദ്ദേഹം വികാര വിക്ഷുബ്ധനായി കഴിഞ്ഞ ദിവസവും അവതരിപ്പിച്ചത്.  ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന സി എ എ ക്കെതിരെ രാജ്യമാകെ ശക്തമായ  പ്രതിഷേധമുയര്‍ന്ന  ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ്സ് നടന്നത്. പൗരത്വ നിയമ ഭേദഗതി  വിഷയത്തില്‍ കേരളത്തിന്‍റെ പൊതുവികാരവും നിലപാടും  കേന്ദ്രത്തിനെതിരാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. ഒറ്റക്കെട്ടായി ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുക മാത്രമല്ല,  കേരള  നിയമസഭ സി എ എ  ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു.

ചരിത്ര കോണ്‍ഗ്രസ്സില്‍ സി എ എ  നിയമത്തിനനുകൂലമായി ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉദ്ഘാടകന്‍റെ  ഭാഗത്തുനിന്നും വന്നപ്പോഴാണ് അവിടെ ചില പ്രതിനിധികള്‍ പ്രതിഷേധിക്കുന്ന നിലയുണ്ടായത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തി അതിനുവിരുദ്ധമായി സംസാരിച്ചപ്പോഴാണ് അക്കാദമിക്ക് സമൂഹത്തില്‍ നിന്നും  പ്രതികരണമുണ്ടായത്. ലോകം ആദരിക്കുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസ്സുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ്  പറയുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ മുന്‍പ് ഇദ്ദേഹം ആവർത്തിച്ച്  ക്രിമിനല്‍ എന്നാണ് വിളിച്ചത്. എന്ത് കൊണ്ടാണ് ഈ രണ്ടുപേര്‍ക്കെതിരെ ഇത്രയേറെ വിദ്വേഷത്തോടെ അദ്ദേഹം സംസാരിക്കുന്നത്? ആര്‍ എസ് എസിന്‍റെ ‘വെറുക്കപ്പെട്ടവരുടെ’ പട്ടികയിലാണ് ഇര്‍ഫാന്‍ ഹബീബും ഗോപിനാഥ് രവീന്ദ്രനും എന്ന് തന്നെയാണുത്തരം.

ചരിത്രം വളച്ചൊടിച്ച്  ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനും മധ്യകാല ചരിത്രത്തെ ആര്‍എസ്എസ്സിന് അനുകൂലമായി മാറ്റി എഴുതാനും സംഘപരിവാര്‍ നിരന്തരം ശ്രമിക്കുകയാണ്. ഇതിനെ ചരിത്രത്തിന്‍റെ രീതിശാസ്ത്രമുപയോഗിച്ച് ചെറുത്ത  വ്യക്തിയാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ഇര്‍ഫാന്‍ ഹബീബ്. 1998 ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പാഠപുസ്തകങ്ങള്‍ കാവി വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വിപുലമായ തോതില്‍ ആരംഭിച്ചു. അതിനെതിരെ ഉജ്ജ്വലമായാണ് ഇര്‍ഫാന്‍ ഹബീബ് പോരാടിയത്. 1998 ലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ ആര്‍എസ്എസ് അജണ്ടയ്ക്കെതിരെ അദ്ദേഹം  പ്രമേയം അവതരിപ്പിച്ചു.

ഹിന്ദുത്വ അജണ്ടയെ ഇര്‍ഫാന്‍ ഹബീബ് തുറന്നുകാട്ടി. 1986-90 കാലയളവില്‍ ഇന്ത്യന്‍  കൗണ്‍സില്‍  ഓഫ്  ഹിസ്റ്റോറിക്കല്‍  റിസര്‍ച്ച്  (ഐസിഎച്ച്ആര്‍)ന്‍റെ ചെയര്‍മാന്‍ ആയിരുന്നു ഇദ്ദേഹം. പിന്നീട്  ഇന്ത്യന്‍  ഹിസ്റ്ററി  കോണ്‍ഗ്രസിന്‍റെ ജനറല്‍ പ്രസിഡന്‍റ് ആയി. എല്ലാ ഘട്ടത്തിലും സ്വാഭിപ്രായങ്ങളും ചരിത്ര വസ്തുതകളും തുറന്നു പറയാന്‍ നിര്‍ഭയം മുന്നോട്ടു വന്ന ആ ചരിത്രകാരനെ ആര്‍ എസ് എസ് ശത്രുവായി കണ്ട് വേട്ടയാടുകയാണ്  അന്ന് മുതല്‍.

  രാജ്യത്തെ ഏറ്റവും പ്രമുഖരായ ചരിത്രകാരന്‍മാരിലൊരാളാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍.  2013 ല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ നിയമിച്ച ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍)ന്‍റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ബിജെപി 2014ല്‍ അധികാരത്തില്‍ വന്നത് സമ്പൂര്‍ണമായ കാവി അജണ്ടയുമായാണ്. അത്  നടപ്പാക്കി തുടങ്ങിയത് ഐസിഎച്ച്ആറില്‍ നിന്നുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News