Mahsa Amini: മഹ്‌സ അമീനിയുടെ മരണം; രാജ്യം മുഴുവന്‍ വ്യാപിച്ച് പ്രതിഷേധം; മരണസംഖ്യ ഉയരുന്നു

ഇറാനില്‍(Iran) മതകാര്യ പൊലീസ്(Police) കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‌സ അമീനി(Mahsa Amini) മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയന്‍ അധികൃതരും റിപ്പോര്‍ട്ടുകളും പറയുന്നു. പ്രതിഷേധത്തില്‍ അവസാന രണ്ട് ദിവസം മരിച്ചത് നാല് പേരാണെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം എട്ടായി. പൊലീസും സൈനികനും മരിച്ചവരില്‍ ഉള്‍പ്പെടും.

ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്‌സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്.

ഇറാനില്‍ പൊതുവായി അനുവദിച്ചിട്ടുള്ള ഇന്‍സ്റ്റഗ്രാമാണ് വിലക്കിയിരിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ചില മൊബൈല്‍ കണക്ഷനുകളും നിരോധിച്ചിട്ടുണ്ട്. 2019 നവംബറിലെ ലെ കലാപത്തിന് ശേഷം ഇറാനില്‍ സംഭവിക്കുന്ന ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനമാണ് ഇപ്പോഴത്തേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെക്സ്റ്റ് മാത്രമാണ് അയക്കാന്‍ കഴിയുന്നതെന്നും ചിത്രങ്ങള്‍ പങ്കുവെക്കാനാകുന്നില്ലെന്നും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നു. അമീനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ പൊതുഇടങ്ങളില്‍ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here