കരുത്തരില്‍ കരുത്തന്‍ ; ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX707 ഇന്ത്യയിലേക്ക് | Aston Martin DBX

ആഡംബര വാഹനങ്ങളിലെ സൂപ്പർ കാർ എന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന വാഹന നിർമാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റൺ മാർട്ടിൻ. പെർഫോമെൻസിലും ആഡംബര സംവിധാനങ്ങളിലും നിരവധി വാഹനങ്ങൾ എത്തിച്ചിട്ടുള്ള ആസ്റ്റൺ മാർട്ടിന്റെ വാഹന നിരയിലെ ഏറ്റവും കരുത്തൻ മോഡലാണ് DBX707 എസ്.യു.വി.

കഴിഞ്ഞ വർഷം ആഗോള നിരത്തുകളിലെത്തിയ ഈ വാഹനം ഇന്ത്യയിലും എത്തുകയാണ്. ഒക്ടോബർ ഒന്നിന് ഈ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ എസ്.യു.വി. എന്ന് നിർമാതാക്കൾ വിശേഷിപ്പിച്ചിട്ടുള്ള DBX707 3.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.

4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 697 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. റെഗുലർ DBX-നെക്കാൾ 155 ബി.എച്ച്.പി. അധിക പവറും 200 എൻ.എം. അധിക ടോർക്കുമാണ് DBX707 ഉത്പാദിപ്പിക്കുന്നത്.

ആസ്റ്റൺ മാർട്ടിന്റെ ഫ്ളാഗ്ഷിപ്പ് പെർഫോമെൻസ് എസ്.യു.വിയാകുന്ന ഈ വാഹനത്തിൽ നൽകിയിട്ടുള്ള ക്ലെച്ചും അൽപ്പം സ്പെഷ്യലാണ്. ഒമ്പത് സ്പീഡ് വെറ്റ് ക്ലെച്ചാണ് ഓട്ടോമാറ്റികാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മറ്റ് ഏത് ഗിയർബോക്സുകളെയും അപേക്ഷിച്ച് അതിവേഗത്തിലുള്ള ഗിയർ ചെയ്ഞ്ചിലാണ് വെറ്റ് ക്ലെച്ച് ഉറപ്പാക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്.

വാഹനത്തിന് ഉയർന്ന വേഗമെടുക്കാൻ സാധിക്കുന്നതിൽ ട്രാൻസ്മിഷനും ഉയർന്ന റോൾ ഉണ്ടെന്നാണ് കമ്പനിയുടെ വാദം.കാർബൺ സെറാമിക് ബ്രേക്കുകൾ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറായി നൽകിയിട്ടുള്ളതും സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കും. മുന്നിൽ 420 എം.എമ്മും പിന്നിൽ 390 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക്കുകളും സിക്സ് പിസ്റ്റൺ കാലിപ്പറുകളും സുരക്ഷയുടെ മാറ്റ് കൂട്ടുന്നുണ്ട്. ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി വാഹനത്തിലെ പ്രധാനപ്പെട്ട കൂളിങ്ങ് ഇൻ ടേക്കിൽ നിന്നും ഫ്ളോറിന് താഴെ നിന്നും എയർ സ്വീകരിക്കുന്നുണ്ട്. ഫ്രിക്ഷൻ ഫ്രീ ബ്രേക്കിങ്ങിനായി ഹൈ പെർഫോമെൻസ് ബ്രേക്ക് പാഡുകളാണ് നൽകിയിട്ടുള്ളത്.

ആസ്റ്റൺ മാർട്ടിൻ DBX- എസ്.യു.വിക്ക് സമാനമായ ഡിസൈനിലാണ് ഈ വാഹനവും ഒരുക്കിയിട്ടുള്ളത്. മുഖം പൂർണമായും കവർ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉൾവലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ്, സ്‌പോർട്‌സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബർ, ഡി.ആർ.എൽ, പവർ ലൈനുകൾ നൽകി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകൾ എന്നിവ ഉൾപ്പെട്ടതാണ് ഡിസൈൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News