ജോഡോ യാത്രയിൽ സവർക്കറുടെ ഫ്ലക്സ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി | Pinarayi Vijayan

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ സംഘപരിവാർ നേതാവ് വിഡി സവർക്കറുടെ ഫ്ലക്സ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ 64 ആം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമായി സവർക്കറുടെ ചിത്രം വന്നത് ഗൗരവമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നിയമനിർമ്മാണസഭ രാജ്യത്തിന് മുന്നിൽ ശിരസ്സു ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) പറഞ്ഞു. സബ്ജക്ട് കമ്മിറ്റി പോലുള്ള കാര്യങ്ങൾ രാജ്യത്ത് മാതൃകയായ ഒരു കാര്യമാണ്.

രാജ്യം കൃത്യമായി ചില കാര്യങ്ങൾ ഉറപ്പ് നൽകുന്നുണ്ട്. ഭരണഘടന നൽകുന്ന ഉറപ്പുകൾ സംരക്ഷിക്കണം. ഭരണഘടന ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ഭരണഘടന വ്യക്തമായ രീതിയിൽ മതനിരപേക്ഷത ഉറപ്പ് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടുന്നതിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാത്തവർ രാജ്യം ഭരിക്കുകയാണ്. അവർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാത്തത് ബോധപൂർവമായിരുന്നു. സവർക്കർ സ്വീകരിച്ച നിലപാട് രാജ്യത്തിന് അങ്ങേയറ്റം അപമാനമുണ്ടാകുന്ന നിലപാടാണ്.

ബ്രിട്ടീഷുകാർക്കെതിരെ ഒന്നും ചെയ്യില്ലെന്ന് മാപ്പ് രേഖപ്പെടുത്തി എഴുതി നൽകിയാണ് പുറത്തിറങ്ങിയത്. സവർക്കർ ഗാന്ധി വധക്കേസ്(Gandhi murder) പ്രതിയാണെന്ന് എല്ലാവർക്കും അറിയാം. അത്തരത്തിൽ ഒരാളെ സ്വാതന്ത്ര്യ സമര സേനാനി എന്ന് എങ്ങനെ പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോൺഗ്രസിന് ഉണർവ് കൊടുക്കാൻ രാഹുൽ ഗാന്ധി ഒരു കാൽനട യാത്ര ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, ആ ജാഥ ഏറ്റവും കൂടുതൽ ദിവസം ചെലവഴിക്കുന്നത് കേരളത്തിലാണ്. യു പി ഏറ്റവും വലിയ സംസ്ഥാനമായിട്ടും അവിടെ യാത്ര നടന്നത് 2 ദിവസം മാത്രമാണ്. ആർക്ക് വേണ്ടിയാണു ഈ യാത്രയെന്നും രാജ്യത്ത് അനേകം കോൺഗ്രസുകാർ ഇപ്പോൾ ബിജെപിക്ക് അകത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here