Kottayam: യാത്രക്കാരന്‍ ബസില്‍ കുഴഞ്ഞുവീണു; രക്ഷകരായത് കെഎസ്ആര്‍ടിസി ഡ്രൈവറും ഓട്ടോ ഡ്രൈവര്‍മാരും

യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി(KSRTC) ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് ബസ് ഡ്രൈവറുടെയും ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെയും ഇടപെടലില്‍ ജീവിതത്തിലേക്കു തിരിച്ചുവരവ്. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയും സുരക്ഷിതമായി വീട്ടുകാരെ ഏല്‍പ്പിച്ചു.

കോട്ടയത്ത്(Kottayam) നിന്ന് പാലായ്ക്കു പോയ ബസില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. പുന്നത്തുറ ഷട്ടര്‍കവല സ്വദേശി കോഴിമുള്ളാരത്തില്‍ ദേവസ്യാച്ചനാണ് (74) കുഴഞ്ഞുവീണത്. ബസ് പുന്നത്തുറയില്‍ എത്തിയപ്പോള്‍ ഇദ്ദേഹം സീറ്റിനടിയിലേക്കു കുഴഞ്ഞുവീണു. തൊട്ടടുത്ത ഷട്ടര്‍കവലയില്‍ ഇറങ്ങേണ്ടതായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ രാജേഷ് ബസ് നിര്‍ത്തി. ഡ്രൈവറും കണ്ടക്ടറും കൂടി പുന്നത്തുറയിലെ ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ചു.

ഓട്ടോ ഡ്രൈവര്‍മാരായ എന്‍.വി.ബിനീഷ്, വെട്ടിമുകള്‍ കാടംകുഴിയില്‍ ബിജീഷ്, പുന്നത്തുറ വള്ളോംകുന്നേല്‍ സി.ടി.മോഹനന്‍ എന്നിവര്‍ ബസില്‍ കയറി. അബോധാവസ്ഥയിലായ ദേവസ്യാച്ചനു ബസിനുള്ളില്‍ വച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കി. ബസിലുണ്ടായിരുന്ന ഒരു നഴ്‌സിന്റെ സഹായത്തോടെയാണ് ഇതു ചെയ്തത്. പിന്നീട് ഓട്ടോയില്‍ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതു മൂലമുണ്ടായ ബോധക്ഷയമായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ചിട്ടി പിടിച്ചു കിട്ടിയ ഒരു ലക്ഷം രൂപ ദേവസ്യാച്ചന്റെ മടിയില്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍മാര്‍ ബന്ധുക്കളെ വിവരം അറിയിച്ച് ആശുപത്രിയില്‍ തുക കൈമാറി. ഇന്നലെ വീട്ടിലെത്തിയ ഉടന്‍തന്നെ ദേവസ്യാച്ചന്‍ ഓട്ടോ ഡ്രൈവര്‍മാരെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി നന്ദി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News