കിട്ടിയില്ലേ…കിട്ടിയില്ലേ…എന്നായിരുന്നു ചില ഇടതുവിദ്വേഷകരുടെ കുറച്ചു നാളായുള്ള ചോദ്യം..എകെജി സെൻറർ ആക്രമണ ദിവസം തന്നെ സിപിഐഎം വ്യക്തമാക്കിയതാണ് ഈ അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന്. എന്നിട്ട് കെ സുധാകരനടക്കമുള്ളവർ ചെണ്ടകൊട്ടി പാടി നടന്നതോ, ഞങ്ങൾ അത്തരക്കാരല്ലേ…അക്രമം സിപിഐഎം തന്നെയാ നടത്തിയത് എന്നൊക്കെയായിരുന്നു.
ഇതൊക്ക പോട്ടെ. ആക്രമണം നടന്ന ശേഷം ഓരോ ദിവസം കഴിയുന്തോറും അന്വേഷണത്തിൽ പുരോഗതിയില്ല, ഇനിയെപ്പോഴാ പ്രതിയെ പിടിക്കുക എന്നിങ്ങനെ നൂലുപോലെ നീളത്തിൽ ചോദ്യങ്ങളായിരുന്നു കോൺഗ്രസ് – ബിജെപി സംഘം ചോദിച്ചോണ്ടിരുന്നത്. ഞങ്ങൾ ഇരു കൂട്ടരുമല്ല ഇതിന് പിന്നിലെന്ന് വരുത്തി തീർക്കാൻ ഏറെ പണിപ്പെട്ടു ഇക്കൂട്ടർ.
എ കെ ജി സെന്റർ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനാണ് ക്രൈംബ്രാഞ്ചിൻറെ പിടിയിലായത്.തിരുവനന്തപുരം മൺവിള സ്വദേശിയാണ് ജിതിൻ. ജൂൺ മുപ്പതിന് രാത്രി സ്കൂട്ടറിൽ എത്തിയ ജിതിൻ എകെജി സെന്ററിലേയ്ക്ക് സ്‌ഫോടകവസ്തുവെറിയുകയായിരുന്നു.പിന്നീട് ഒരൊറ്റ മുങ്ങലായിരുന്നു.പിന്നെ പൊങ്ങി വന്നത് നമ്മുടെ പൊലീസിൻറെ കയ്യിൽ.
ജിതിൻ എന്ന യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലാകുമ്പോൾ തെളിയുന്നത് കേരളത്തിൽ സംഘടിതവും ആസൂത്രിതവുമായ ക്രിമിനൽ സംഘത്തെ വളർത്തുന്ന കോൺഗ്രസ് സമീപനമാണ്.എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്നു കളഞ്ഞ പ്രവർത്തകനെ കോൺഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിർത്തുകയും സംസ്ഥാന സർക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു.
സമയമെടുത്തും പഴുതടച്ചതുമായ കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്. സംശയത്തിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്ത ഇതേ നേതാവ് ചോദ്യം ചെയ്യലിന് ഹാജരാകും മുന്നേ തന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.
ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ട പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്.ഇപ്പോഴും ഭീഷണിയും ന്യായീകരണവുമായാണ് കെ സുധാകരൻ രംഗത്തെത്തിയിട്ടുള്ളത്. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ നിയമം കയ്യിലെടുക്കുമെന്നാണ് കെ സുധാകരന്‍റെ ഭീഷണി.ഇത്തരം ഭീഷണിക്ക് മുന്നിൽ വീണുപോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ എന്ന് ഇനിയും സുധാകരൻ മനസ്സിലാക്കാത്തതെന്താണാവോ ?
കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകർക്കാൻ വർഗ്ഗീയ ശക്തികൾക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സുധാകര സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.