ADVERTISEMENT
കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ ടിവി, ഇന്റര്‍നെറ്റ് കേബിളുകള്‍ അനധികൃതമായി വലിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കെ എസ് ഇ ബി ജീവനക്കാരുടെ കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതിനുപുറമെ നിരവധി അപകടങ്ങളും ഇക്കാരണത്താല്‍ ഉണ്ടാകുന്നുണ്ട്. ഒടുവില്‍ 2022 ജൂലൈ 4-ന് മരട് സെക്ഷനു കീഴില്‍, റോഡിനു കുറുകെ താണു കിടന്ന കേബിള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് കേബിള്‍ ബന്ധിപ്പിച്ചിരുന്ന ഹൈ ടെന്‍ഷന്‍ പോസ്റ്റ് ലൈനുള്‍പ്പെടെ ബസിനുമുകളിലേക്ക് വീണത് വലിയ വാര്‍ത്തയായിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കായി ലൈന്‍ ഓഫ് ചെയ്തിരുന്നു എന്നതുകൊണ്ടു മാത്രമാണ് വന്‍ദുരന്തം ഒഴിവായത്. വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതിനായി നിയമപരമായി വേര്‍തിരിക്കപ്പെട്ട മേഖലയിലും വൈദ്യുതി തൂണുകള്‍ക്ക് സമീപവും മറ്റ് വാര്‍ത്താവിനിമയ സ്ഥാപനങ്ങളുടെ തൂണുകള്‍ സ്ഥാപിക്കുന്നതും കെ.എസ്.ഇ.ബി. ജീവനക്കാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതുമാണ്.
ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷന്‍ 68(5), സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വൈദ്യുതി വിതരണ സുരക്ഷാ ചട്ടങ്ങള്‍ 2010-ലെ ചട്ടം 60, 61, 63, 69 തുടങ്ങിയവ പ്രകാരം ഇത്തരം അനധികൃത നിര്‍മ്മിതികള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
ഈ സാഹചര്യത്തില്‍ ഇത്തരം അനധികൃത കേബിളുകളും തൂണുകളും അടിയന്തിരമായി നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം കെ എസ് ഇ ബി നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.