Chocolate | ബി പി കുറക്കാനും ബുദ്ധി കൂട്ടാനും ചോക്ലേറ്റ്

ദിവസവും ഏതാനും ചോക്ലേറ്റ് പീസുകൾ കഴിച്ചാൽ ഒരു മാസം കൊണ്ട് കുറച്ചെങ്കിലും ബുദ്ധി വികസിക്കുമെന്നും രക്ത സമ്മർദം കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു . മിൽക്ക് ചോക്ലേറ്റിനും ഗുണങ്ങൾ ഉണ്ടെങ്കിലും 90 ശതമാനവും കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിനാണ് ഗുണം കൂടുതൽ. ശക്തിയേറിയ ആന്റി ഓക്സിഡന്റുകളായ ഫ്ലേവനോളുകൾ അടങ്ങിയതിനാലാണ് ഗുണങ്ങളധികം എന്ന് പോർച്ചുഗലിലെ ഗവേഷകർ പറയുന്നു. പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഡോ. ടെൽമോ പെരേരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ചോക്ലേറ്റിലെ ഫ്ലേവനോളുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു, ശരീരഭാരം നിയന്ത്രിക്കുന്നു, മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്നു. ഫ്ലേവനോളുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ സൗഖ്യമേകും. ചോക്ലേറ്റിന്റെ ഗുണങ്ങൾ വിശദമായി പഠിച്ച ഗവേഷക സംഘം, ചോക്ലേറ്റ് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിച്ചു. 18നും 27 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 30 പേരിലും ൫൦ കടന്ന വൃദ്ധരിലുമാണ് പഠനം നടത്തിയത്. 30 ദിവസം തുടർച്ചയായി 20 ഗ്രാം വീതം ചോക്ലേറ്റ് കഴിക്കാൻ ഇവരോട് ആവശ്യപ്പെട്ടു.

പഠനത്തിൽ പങ്കെടുത്ത പകുതി പേർ 55 ശതമാനം കൊക്കോ അടങ്ങിയ ചോക്ലേറ്റ് കഴിച്ചപ്പോൾ ബാക്കിയുള്ളവർ 90 ശതമാനവും കൊക്കോ അടങ്ങിയ ചോക്ലേറ്റ് ആണ് കഴിച്ചത്. പഠനത്തിന് മുപ്പതു ദിവസം മുൻപും പഠനം പൂർത്തിയായി രണ്ടു ദിവസത്തിനു ശേഷവും ഹൃദയമിടിപ്പ്, ഹൃദയധമനികളുടെ കട്ടി, പൾസ് ഇവ പരിശോധിച്ചു. ഫ്ലേവനോളുകൾ ധാരാളമടങ്ങിയ ചായ, വൈൻ, ബെറിപ്പഴങ്ങൾ തുടങ്ങിയവയെല്ലാം ഈ കാലയളവിൽ ഒഴിവാക്കണമെന്നും പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു.

ഇവരുടെ രക്തസമ്മർദം മെച്ചപ്പെട്ടതായും ബുദ്ധി വികസിച്ചതായും കൊക്കോ ഗ്രൂപ്പിൽപ്പെട്ടവരുടെ രക്തസമ്മർദമാണ് കാര്യമായി കുറഞ്ഞതെന്നും പഠനം പറയുന്നു. ചോക്ലേറ്റ് ഉപയോഗിക്കുന്നത് ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കുമെന്നും പഠനം തെളിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News