Jithin: എകെജി സെന്റര്‍ ആക്രമണക്കേസ്; ജിതിനെ ഇന്ന് വീണ്ടും കോടതിയിയില്‍ ഹാജരാക്കും

എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ഇന്ന് വീണ്ടും കോടതിയിയില്‍ ഹാജരാക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന്‍. പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്ഫോടക വസ്തുവിന്റെ ഉറവിടം, പ്രതി ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേസമയം പ്രതിയുടെ ജാമ്യ അപേക്ഷയിലും വിശദമായ വാദം കേള്‍ക്കും.

അതേസമയം, ജിതിന്‍ എസ്എഫ്ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള നിരവധി കേസില്‍ പ്രതിയെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. 2016ലും 2019ലും എസ്എഫ്ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്റ് ആദര്‍ശിനെ വധിക്കാന്‍ ശ്രമിച്ചു. 2016ല്‍ ഡിവൈഎഫ്ഐ കൊലത്തുകര യൂണിറ്റ് പ്രസിഡന്റ് ആര്‍ ബി ഷായെ ആക്രമിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്. 2013ല്‍ കുളത്തൂര്‍ സ്വദേശികളായ യുവാക്കള്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ജിതിനാണെന്ന വിവരവും പുറത്തുവന്നിരുന്നു.

കുളത്തൂരിലെ ശ്രീജിത്തും നിധീഷുമാണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. കുളത്തൂര്‍ ജങ്ഷനില്‍ ജിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘം ഇരുവരെയും മര്‍ദിച്ചിരുന്നു. പിന്നീട് ജിതിന്റെ മാലയും പണവും മോഷ്ടിച്ചതായി യുവാക്കള്‍ക്കെതിരെ കേസ് നല്‍കി. കള്ളക്കേസിലും മര്‍ദനത്തിലും മനംനൊന്ത് ഇവര്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

2017ല്‍ കഞ്ചാവ് കേസില്‍ ജിതിനെ പിടികൂടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിന് കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളുമായി അടുത്തബന്ധമുണ്ട്. ജില്ലയില്‍ കോണ്‍ഗ്രസ് നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ മുഖ്യആസൂത്രകനും നടത്തിപ്പുകാരനുമാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുമുണ്ട്. ജിതിന്റെ നിയന്ത്രണത്തിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചാണ് ആസൂത്രണം. ഷാഫി പറമ്പില്‍, ചാണ്ടി ഉമ്മന്‍, എം എ വാഹീദ്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കള്‍ ലോഡ്ജില്‍ എത്തി ഇയാളെ കണ്ടിട്ടുണ്ട്.

കുളത്തൂര്‍ എന്‍എസ്എസ് ലൈബ്രറിക്ക് സമീപം കൃഷ്ണവിലാസം വീട്ടിലാണ് താമസം. അച്ഛന്‍ വിനയകുമാര്‍ കൊലക്കേസ് പ്രതിയാണ്. മോഷണക്കേസിലെ പ്രതിയായിരുന്നു അമ്മ ജിജി. ടെക്നോപാര്‍ക്കിലെ കംപ്യൂട്ടര്‍ മോഷ്ടിച്ചതിനും ജീവനക്കാരികളെ ശല്യപ്പെടുത്തിയതിനും ചേട്ടന്‍ നിധിന്റെ പേരിലും കേസുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here