India-Australia: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പര; രണ്ടാം മത്സരം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി 7 മണിക്ക് നാഗ്പൂരിലാണ് മത്സരം. മൂന്ന് മത്സര പരമ്പരയില്‍ 1-0 ന് ഓസ്‌ട്രേലിയ മുന്നിലാണ്.

മൊഹാലിയില്‍ തോറ്റ ഇന്ത്യക്ക് നാഗ്പൂരിലും കൂടി തോറ്റാല്‍ നാണം കെട്ട് മടങ്ങാം. ട്വന്റി – 20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിനെ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കും ടീം ഇന്ത്യയുടെ മൊഹാലിയിലെ പ്രകടനത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മക്കും നേരെ വിമര്‍ശനങ്ങളുടെ കൂരമ്പാണ് ഇപ്പോള്‍. ബാറ്റര്‍മാര്‍ തകര്‍ത്തടിച്ച് 200 കടത്തിയാലും മുനയൊടിഞ്ഞ ബോളിംഗിലൂടെയും നിലവാരം കെട്ട ഫീല്‍ഡിംഗിലൂടെയും സര്‍വ്വ പരിശ്രമവും ഇല്ലാതാകുന്ന അവസ്ഥ ആരാധകര്‍ക്ക് സഹിക്കാനാകുന്നില്ല.

ഇനി ഒരു തോല്‍വി പരമ്പര നഷ്ടം മാത്രമല്ല ടീം ഇന്ത്യയുടെ ആത്മവിശ്വാസം തന്നെ താറുമാറാക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാകാറുള്ള വിരാട് കോഹ്ലി സൂപ്പര്‍ ഇന്നിങ്‌സുമായി തിരിച്ചെത്തുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ഇനിയും പ്രതീക്ഷ ഉണ്ട്.

ലോക ചാമ്പ്യന്മാരായ കങ്കാരുപ്പടക്കെതിരെ പോരായ്മകളും പാളിച്ചകളും പരിഹരിച്ചുള്ള പ്രകടനത്തിലാണ് ടീമിന്റെ ശ്രദ്ധ മുഴുവന്‍ . അതേസമയം ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് ആരോണ്‍ ഫിഞ്ചിന്റെ സംഘം. ബാറ്റര്‍മാരും ബോളര്‍മാരുമെല്ലാം പുറത്തെടുക്കുന്നത് തകര്‍പ്പന്‍ പ്രകടനം. കാമറൂണ്‍ ഗ്രീനും മാത്യു വെയ്ഡും അടിച്ചു തകര്‍ക്കുമ്പോള്‍ ഏത് ടോട്ടലും ഓസീസിന് അപ്രാപ്യമല്ല.

ഫീല്‍ഡിംഗില്‍ ടീം കാഴ്ചവെക്കുന്നത് റിക്കി പോണ്ടിംഗിന്റെ കാലത്തേതിന് സമാനമായ പ്രകടനമാണ്. ഇന്ന് കൂടി വിജയിച്ചാല്‍ ഒറ്റ മത്സരം ബാക്കിനില്‍ക്കെ ഓസീസിന് പരമ്പര ഉറപ്പിക്കാം. ടീം ഇന്ത്യയോടുള്ള പഴയ കണക്ക് തീര്‍ക്കല്‍ കൂടിയാകും ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും ഇത്. വിജയത്തോടെ പരമ്പര നേടാനുറച്ച് സന്ദര്‍ശകരും അഭിമാന വിജയത്തിലൂടെ പരമ്പരയില്‍ തിരിച്ചെത്താന്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യയും പോരിനിറങ്ങുമ്പോള്‍ ആവേശം നാഗ്പൂരിലും അണ്‍ ലിമിറ്റഡാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News