Silk Smitha: വെള്ളിത്തിരയെ ഹരം പിടിപ്പിച്ച സൗന്ദര്യം; സില്‍ക്ക് സ്മിതയുടെ ഓര്‍മകള്‍ക്ക് 26 വയസ്

വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും ജ്വലിക്കുന്ന സൗന്ദര്യവുമായി എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ നടിയായിരുന്നു സില്‍ക്ക് സ്മിത(Silk Smitha). 80 കളിലും 90കളിലും സ്മിതയുടെ ഗാനരംഗം ഉള്‍പ്പെടുത്താത്ത ചിത്രങ്ങള്‍ അപൂര്‍വം തന്നെയായിരുന്നു എന്ന് പറയാം. 17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ സില്‍ക്ക് സ്മിത തിളങ്ങി. വെള്ളിത്തിരയെ ഹരം പിടിപ്പിച്ച സില്‍ക്ക് സ്മിതയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്.

സിനിമ ജീവിതത്തെ വെല്ലുന്നതായിരുന്നു സ്മിതയുടെ യഥാര്‍ഥ ജീവിതം. 1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ എന്ന ഗ്രാമത്തിലാണ് സ്മിത എന്ന മാദക റാണി ജനിക്കുന്നത്. മാതാപിതാക്കള്‍ നല്‍കിയ പേര് വിജയലക്ഷ്മി എന്നായിരുന്നു. വീട്ടില്‍ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാലാം ക്ലാസില്‍ സില്‍ക്ക് സ്മിതയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ആ ബന്ധം നീണ്ടു പോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊന്‍പതാം വയസില്‍ വിജയലക്ഷ്മി ലക്ഷ്മി സിനിമയില്‍ എത്തിയത്.

ഒരിക്കല്‍ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവര്‍ത്തിയാണ് സിനിമയില്‍ സ്മിതയുടെ ഗുരു. അദ്ദേഹമാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നല്‍കിയതും വിനു ചക്രവര്‍ത്തി തന്നെ. ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവര്‍ത്തിയുടെ ഭാര്യ കര്‍ണയാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. കര്‍ണ തന്നെ ഡാന്‍സും അഭിനയവും പഠിക്കാന്‍ സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. ഒരു ടച്ച് അപ് ആര്‍ട്ടിസ്റ്റായിട്ടാണ് സില്‍ക്കിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ്. വൈകാതെ ടച്ചപ്പില്‍ നിന്ന് ചെറിയ റോളുകളിലൂടെ ബിഗ് സ്‌ക്രീനിലേക്ക്.

ഗ്ലാമര്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളില്‍ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങള്‍ നിരൂപക പ്രശംസ വരെ നേടുകയും ചെയ്തിരുന്നു. 1980 കളില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നീര്‍മ്മാതാക്കള്‍ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തില്‍ പ്രശസ്തി വളര്‍ന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങള്‍ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.

വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. നാട്ടിന്‍പുറത്തുനിന്ന വന്ന വിദ്യാഭ്യാസം കുറവായ ഒരു പെണ്‍കുട്ടിയെ ഒരു സിനിമാ താരത്തിന്റെ എല്ലാ പ്രൗഡിയിലേക്കും എത്താന്‍ പ്രാപ്തരാക്കിയത് വിനു ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഭാര്യയും തന്നെയാണെന്ന് നിസംശയം പറയാം. സിനിമാകരിയറിലെ തീരുമാനങ്ങളില്‍ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്റേത് മാത്രമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായ സംസാരിക്കുന്ന കുട്ടികളുടെ പോലെ സ്വഭാവം ഉള്ള ആളെന്നാണ് സഹപ്രവര്‍ത്തകര്‍ സ്മിതയെ വിശേഷിപ്പിക്കുന്നത്.

1996 സെപ്റ്റംബര്‍ 23നാണ് തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ ചെന്നൈയിലെ വീട്ടില്‍ ഒരു മുഴം കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണം. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News