ADVERTISEMENT
ഒടുവില്‍ റോജര്‍ ഫെഡററും(Rogerer Federer) അവസാനമത്സരത്തിന്. ലോക ടെന്നീസിലെ ഇതിഹാസതാരത്തിന്റെ വിടവാങ്ങലിന് ഇന്ന് ലോകം സാക്ഷിയാകും. ലേവര്‍ കപ്പില്‍ കൂട്ടുകാരന്‍ റാഫേല്‍ നദാലിനൊപ്പമാണ് സ്വിസ് താരം റാക്കറ്റേന്തുക. ഡബിള്‍സില്‍ കളിക്കണമെന്ന് ഫെഡറര്‍ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ സമയം രാത്രി 11ന് ശേഷമാണ് മത്സരം. ലോക ടീമിന്റെ ഫ്രാന്‍സെസ് തിയാഫോ-ജാക് സോക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തിന്റെ എതിരാളികള്‍. ആദ്യദിനം മൂന്ന് സിംഗിള്‍സും ഒരു ഡബിള്‍സുമാണ്. സിംഗിള്‍സ് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യകളി ടീം യൂറോപ്പിന്റെ കാസ്-പെര്‍ റൂഡും ലോക ടീമിന്റെ സോകും തമ്മിലാണ്. സ്റ്റെഫനോസ് സിറ്റ്‌സിപാസ്- ദ്യേഗോ ഷോര്‍ട്‌സ്മാന്‍ മത്സരം തുടര്‍ന്ന് നടക്കും.
ആന്‍ഡി മറെ-അലെക്‌സ് ഡി മിനാവുര്‍ സിംഗിള്‍സാണ് മൂന്നാമത്തേത്. രാത്രി 11നാണ് ഈ മത്സരം ആരംഭിക്കുന്നത്. തുടര്‍ന്നാണ് ഫെഡററുടെ കളി. 20 ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടവുമായാണ് ഫെഡറര്‍ മടങ്ങുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലായിരുന്നു നാല്‍പ്പത്തൊന്നുകാരന്‍. ഗ്രാന്‍ഡ് സ്ലാമില്‍ കളിച്ച് അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, കാല്‍മുട്ടിലെ വിട്ടുമാറാത്ത പരിക്ക് തളര്‍ത്തി. കഴിഞ്ഞവര്‍ഷം വിംബിള്‍ഡണിലാണ് അവസാനമായി കളിച്ചത്. ക്വാര്‍ട്ടറില്‍ ഹുബെര്‍ട്ട് ഹുര്‍കാക്‌സിനോട് തോല്‍ക്കുകയായിരുന്നു.
ലേവര്‍ കപ്പില്‍ സിംഗിള്‍സില്‍ കളിക്കാനാകില്ലെന്ന് ഫെഡറര്‍ യൂറോപ് ടീം ക്യാപ്റ്റന്‍ ബ്യോണ്‍ ബോര്‍ഗിനെ അറിയിച്ചിരുന്നു. ഡബിള്‍സില്‍ നദാലിനൊപ്പം കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. നദാലിനൊപ്പം ഡബിള്‍സ് കളിക്കുക എന്നത് മനോഹരമായ അനുഭവമായിരുക്കുമെന്നും ഫെഡറര്‍ പറഞ്ഞു. മുപ്പത്താറുകാരനായ നദാല്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ ആവേശകരമായ പോരാട്ടങ്ങളും ഇരുവരും തമ്മില്‍ നടന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.