Madhupal: ആ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്: നടന്‍ മധുവിന് പിറന്നാള്‍ ആശംസിച്ച് മധുപാല്‍

മലയാളത്തിന്റെ മഹാനടന്‍ മധുവിന്(Madhu) പിറന്നാള്‍ ആശംസിച്ച് നടനും സംവിധായകനുമായ മധുപാല്‍(Madhupal). പ്രിയപ്പെട്ട മധു സാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആ സ്‌നേഹം അനുഭവിച്ചറിയണം എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നൊരു പ്രാര്‍ത്ഥന മാത്രമാണെന്നും മധുപാല്‍ പറഞ്ഞു. മന്ത്രി വി എന്‍ വാസവന്‍, പ്രേംകുമാര്‍, സി. അജോയ്, പന്ന്യന്‍ രവീന്ദ്രന്‍, കെ ജയകുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലയാളത്തിന്റെ കാരണവര്‍ക്ക്, മഹാനടന്‍ മധുവിന് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ(Malayalam Cinema) കാരണവര്‍ക്ക്, മഹാനടന്‍ മധുവിന്(Madhu) ഇന്ന് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസില്‍ സ്ഥാനം നേടിയ അദ്ദേഹം എന്നും മലയാള സിനിമയുടെ കെടാത്ത വിളക്കാണ്. ചെമ്മീനിലെ നിരാശ കാമുകനായ പരീകുട്ടി, ഭാര്‍ഗവീനിലയത്തിലെ എഴുത്തുകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരവും എന്ന ചിത്രത്തിലെ ബാപ്പൂട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണ് എന്നിങ്ങനെ മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാന്‍ കഴിയാത്ത ഒരുപിടി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ് മധു.

ആദ്യമായി നാടകം കണ്ടതുമുതല്‍ തോന്നിയ അഭിനയമോഹം. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. 1959 ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എന്നാല്‍, നാടകരംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കുന്നതിന് മുമ്പ് തന്നെ സിനിമയിലേയ്ക്കുള്ള വഴി തുറക്കുകയായിരുന്നു. 1962-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് കാല്‍ എടുത്തുവെച്ചു. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ ആണ്. ചിത്രത്തില്‍ പ്രേം നസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

പ്രേംനസീറും സത്യനും തിളങ്ങി നില്‍ക്കുന്ന കാലത്താണ് മധു സിനിമയില്‍ രംഗപ്രവേശം നടത്തിയത്. രണ്ട് വലിയ താരങ്ങള്‍ വിഹരിക്കുന്ന സിനിമാ ലോകത്ത് സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന മധു എന്ന വസന്തം മലയാള സിനിമയില്‍ ഇന്നും സജീവമായി നില്‍ക്കുമ്പോള്‍ അത്ഭുതം തോന്നുക സ്വാഭാവികം മാത്രമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News