Pinarayi Vijayan: കേരളം രാജ്യത്തിന്റെ അടുത്ത ഡിജിറ്റല്‍ ഹബ്ബാകും: മുഖ്യമന്ത്രി

ഇന്ത്യയിലെ(India) അടുത്ത ഡിജിറ്റല്‍ ഹബ്ബായി(Digital Hub) കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐബിഎം സോഫ്റ്റ്വെയര്‍ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഐബിഎം സോഫ്റ്റ്വെയര്‍ ലാബ് സ്ഥാപിക്കാന്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് തെരഞ്ഞെടുത്തത് ആഘോഷിക്കേണ്ടതാണ്. കേരളത്തിലെ ഐടി ഹബ്ബുകള്‍ക്ക് ഹരിതാഭമായ ഐടി ഇടങ്ങള്‍, ഐടി പ്രൊഫഷണലുകളുടെ ഒരു ടാലന്റ് പൂള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രം, രാജ്യത്തിന്റെ അടുത്ത ഡിജിറ്റല്‍ ഹബ്ബായി സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തിക കുതിപ്പ് എന്നിവ ഈ നിക്ഷേപം ഒരിക്കല്‍ കൂടി കാണിക്കുന്നു. നിക്ഷേപം സാധ്യമാക്കാന്‍ ഒരുവര്‍ഷമായി ഐബിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിവേഗം വളരുന്ന സാങ്കേതിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജമേകി ഇത് സംഭവിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, വ്യവസായ മന്ത്രി പി രാജീവ് എന്നിവരും പങ്കെടുത്തു.

ഉദ്ഘാടനശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഐബിഎമ്മിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ വി ഖേല്‍ക്കര്‍, ഐബിഎം ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ലീഡ് ഹര്‍പ്രീത് സിങ്, ഐബിഎം വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ്മ, സന്ദീപ് പാട്ടീല്‍, ദിനേശ് നിര്‍മല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദിനേശ് നിര്‍മ്മല്‍ ഐ ബി എമ്മിന്റെ ഉപഹാരം മുഖ്യമന്ത്രിക്കുകൈമാറി.

ആഗോള വ്യവസായങ്ങള്‍ക്ക് കരുത്താകും

പ്രൊഡക്ട് എന്‍ജിനീയറിങ്, ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളിലെ പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാകും കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐബിഎം സോഫ്റ്റ്വെയര്‍ ലാബിന്റെ പ്രവര്‍ത്തനം. സര്‍ഗാത്മകതയും പുതുമകളും ചേര്‍ത്ത് മികച്ച രീതിയിലാണ് ഇന്നവേഷന്‍ സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആഗോള വ്യവസായങ്ങള്‍ക്ക് മുന്നോറ്റത്തിനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്താനായി സ്ഥാപനങ്ങളുടെ സാങ്കേതിക വിഭാഗങ്ങളുമായി സെന്റര്‍ സഹകരിക്കും. രാജ്യത്തെ ആറാമത്തെ ഐബിഎം ഇന്ത്യ സോഫറ്റ്വെയര്‍ ലാബാണു കൊച്ചിയിലേത്. അഞ്ചാമത്തേതു അഹമ്മദാബാദിലെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലും ലാബ് പ്രവര്‍ത്തിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News