PFI Hartal: പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താൽ; തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസുകള്‍; 50ലക്ഷത്തിന്‍റെ നഷ്ടം; 11 പേര്‍ക്ക് പരുക്ക്; 170 പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ഫ്രണ്ട്(popular front) ഹര്‍ത്താലില്‍ കേരളത്തില്‍ ഇന്ന് കണ്ടത് സമാനതകളില്ലാത്ത അക്രമം. ഹര്‍ത്താല്‍ തുടങ്ങും മുന്‍പേ കണ്ണൂരില്‍ പത്രവുമായി പോയ വാഹനത്തിനും കോ‍ഴിക്കോട് മത്സ്യവുമായി പോയ വാഹനത്തിനും നേരെ അക്രമമുണ്ടായി. വ്യാപകമായി പെട്രോള്‍ ബോംബുകള്‍ എറിയുന്ന കാ‍ഴ്ചയ്ക്കും ഇന്ന് കേരളം സാക്ഷിയായി.

ഇരുചക്ര വാഹനങ്ങളിലെത്തി കല്ലും ബോംബും എറിഞ്ഞും അക്രമം നടത്തിയും ജനങ്ങളെ ഭയപ്പെടുത്തി പുതിയ രീതിയും ഹര്‍ത്താലില്‍ പരീക്ഷിക്കപ്പെട്ടു. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കുകളിൽ എത്തിയവരാണ് പലയിടങ്ങളിലും കല്ലേറ് നടത്തിയത്. ഇവരെ കണ്ടെത്താൻ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നടത്തിയ ഹര്‍ത്താലില്‍ പക്ഷേ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കെ എസ് ആര്‍ ടിസിക്ക്. 70 ബസുകളാണ് തകര്‍ക്കപ്പെട്ടത്. കോ‍ഴിക്കോടും, കാസര്‍ഗോഡും,കോട്ടയത്തും കോണ്‍വോയ് അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിലാണ് സര്‍വ്വീസ് നടത്തിയത്.

പാറശാലയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തകർത്തതോടെ, കേരളത്തിലേക്കുള്ള സർവീസ് നിർത്തിവച്ചു. കൊല്ലം പള്ളിമുക്കിൽ പൊലീസുകാർക്ക് നേരെ വധശ്രമമുണ്ടായി. കൊല്ലം പള്ളിമുക്കിൽ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, എ ആർ ക്യാമ്പിലെ കോൺസ്റ്റബിൾ നിഖിൽ എന്നിവർക്ക് ഗുരുതര പരിക്കേറ്റു.

വഴിയാത്രക്കാരെ പി എഫ് െഎ പ്രവർത്തകർ അസഭ്യം പറയുകയും വാഹനങ്ങൾ തടയുകയും ചെയ്തുവെന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം. കോ‍ഴിക്കോട് നടക്കാവിൽ ഹോട്ടലിനു നേരെയും കല്ലേറുണ്ടായി. തൃശൂർ വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി റിക്കവറി വാനും സമരാനുകൂലികൾ തകർത്തു.

മാവേലിക്കരയിൽ നിന്നും വിദ്യാർത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ബസ്സിന് നേരെ കല്ലെറിഞ്ഞു . വയനാട് ജില്ലയിലും ഹർത്താലിനെ തുടർന്ന് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. അക്രമങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചതാണ് നാശനഷ്ടങ്ങളുടെ തോത് കുറച്ചത്.

കോ‍ഴിക്കോട് 16 ഉം, മലപ്പുരത്ത് 50 ഉം,കണ്ണൂരില്‍ 27 ഉം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാൻ ശ്രമിച്ച 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മധ്യകേരളത്തിൽ വിവിധയിടങ്ങളിൽ നിന്നായി 20ലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കാസർഗോഡ് പാലക്കാട് ജില്ലകളിൽ അക്രമ സംഭവങ്ങൾ ഒന്നും അരങ്ങേറില്ല. മധ്യകേരളത്തിൽ വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയാനും കടകളടപ്പിക്കാനും ശ്രമിച്ചു. പോലീസ് കർശന നടപടിയിലേക്ക് കടന്നുതോടെ സ്വകാര്യവാഹനങ്ങൾ അടക്കം നിരത്തിലിറങ്ങി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ഹർത്താൽ അനുകൂലികൾ അക്രമാസക്തരായി. ഇതോടെ പോലീസിന് ലാത്തി വീശേണ്ടിവന്നു. നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News