PFI Hartal: പോപ്പുലര്‍ ഫ്രണ്ട് ഒന്ന് പോപ്പുലറാകാന്‍ നോക്കിയതാ..

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്(Popular front) ഒന്ന് പോപ്പുലറാകാന്‍ നോക്കിയപ്പോള്‍ അതിന് ഇരയായത് സാധാരണക്കാരും കെഎസ്ആര്‍ടിസിയുമാണ്(KSRTC). എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതിന് കേരളത്തിലെ കെഎസ്ആര്‍ടിസി എന്ത് പിഴച്ചു? സമരക്കാരെല്ലാം കൂടെ കെഎസ്ആര്‍ടിസിയുടെ നെഞ്ചത്ത് കയറുന്നത് കണ്ടാല്‍ തോന്നും റെയ്ഡ് നടത്തിയത് അവരാണെന്ന്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ പേജില്‍ വന്ന പോസ്റ്റുകളും ഇപ്പോള്‍ വൈറലാവുകയാണ്.

അനീതിയ്്ക്കെതിരെ പ്രതിഷേധിയ്ക്കാനുള്ള ഭരണഘടനാപരമായ സമരരീതിയെയാണ് പൊതുവെ ഹര്‍ത്താല്‍ എന്ന് പറയാറ്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന ഭാരവാഹികളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താല്‍ എന്നാല്‍ ഇക്കൂട്ടത്തില്‍പ്പെടുന്നതല്ല. ഇത് ഹര്‍ത്താലാണോ അതോ അഴിഞ്ഞാട്ടമാണോ എന്നാണ് കേരളക്കരയൊന്നാകെ ഒരേ സ്വരത്തില്‍ ചോദിച്ചു പോകുന്നത്.

70 കെഎസ് ആര്‍ ടി സി ബസ്സുകളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഒരൊറ്റ ദിനം കൊണ്ട് നശിപ്പിച്ചത്. പലയിടങ്ങളിലായി നടത്തിയ അക്രമത്തില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യാത്രക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിക്കഴിഞ്ഞു. പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാള്‍ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍, അതെല്ലാം കാറ്റില്‍ പറത്തിയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമം അഴിച്ചു വിട്ടിരിയ്ക്കുന്നത്.

ഹര്‍ത്താലിന്റെ മറവില്‍ കേരളം മുഴുവന്‍ അഴിഞ്ഞാടിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പയ്യന്നൂരില്‍ നാട്ടുകാരുടെ കൈയ്യുടെ ചൂടുമറിഞ്ഞു.നാല് ഇരുചക്ര വാഹനങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയത്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ നോക്കിയതോടെ ഇവരെ കടയുടമകളും നാട്ടുകാരും ചേര്‍ന്ന് കൈകാര്യം ചെയ്തു. സമരക്കാരെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കുപ്രസിദ്ധമായ ആര്‍ എസ് എസ്സുകാരുടെ എടപ്പാള്‍ ഓട്ടത്തിനെ വെല്ലുന്ന തരത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ടുകാരുടെ പയ്യന്നൂരോട്ടം. എന്തിനും ഏതിനും അക്രമം അഴിച്ചു വിട്ടുള്ള ഹര്‍ത്താല്‍ സമൂഹത്തെ വലിയ വിപത്തിലേയ്ക്കാണ് എത്തിയ്ക്കുക. അക്രമ ഹര്‍ത്താലുകള്‍ ഒരാചാരമായി മാറുന്നെങ്കില്‍, അത് സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു രോഗമായി വേണം കരുതാന്‍. അത് എങ്ങനെ ഇല്ലാതാക്കണമെന്നും പ്രതിരോധിയ്ക്കണമെന്നും നാം ചിന്തിച്ചേ മതിയാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News