S Sreesanth: ശ്രീശാന്തിന്റെ കയ്യിലേക്ക് ലോകം ചുരുങ്ങിയ ദക്ഷിണാഫ്രിക്കയിലെ ആ രാവ്

ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ദിനമാണ് 2007 സെപ്തംബര്‍ 24. ഇന്ത്യ പ്രഥമ ട്വന്റി – 20 കിരീടത്തില്‍ മുത്തമിട്ട ദിനം. മലയാളിയായ എസ്. ശ്രീശാന്തിന്റെ കയ്യിലേക്ക് ലോകം ചുരുങ്ങിയ ദക്ഷിണാഫ്രിക്കയിലെ ആ രാവ് ഒരു ക്രിക്കറ്റ് പ്രേമിക്കും മറക്കാനാകില്ല.

ഇന്ത്യയുടെ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീട നേട്ടത്തില്‍ ഒരു മലയാളിയുടെ കൈ മുദ്ര പതിഞ്ഞിട്ട് ഇന്നേക്ക് ഒന്നര പതിറ്റാണ്ട്.ജൊഹന്നസ്ബര്‍ഗില്‍ ഇന്ത്യ-പാകിസ്ഥാന്‍ കലാശക്കൊട്ടിലെ അവസാന ഓവറില്‍ ജോഗീന്ദര്‍ ശര്‍മ്മയുടെ പന്തില്‍ പാകിസ്ഥാന്‍ താരം മിസ്ബാ ഉള്‍ ഹഖിന്റെ സ്‌കൂപ്പ് മലയാളി താരം എസ് ശ്രീശാന്തിന്റെ കൈകളിലെത്തിയപ്പോള്‍ ലോക ക്രിക്കറ്റില്‍ പിറന്നത് പുതു ചരിത്രം.

2007ലെ ഏകദിന ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ ഷോക്കില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ഗാഥ കൂടിയായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നീ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ എം.എസ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യുവനിര ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍, ആതിഥേയരായ ദക്ഷിണാഫ്രിക്കയെയും ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെയും തോല്‍പ്പിച്ച ഇന്ത്യ ഫൈനലില്‍ കടന്നു. എതിരാളികളായെത്തിയത് ചിരവൈരികളായ പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റണ്‍സെടുത്തു.75 റണ്‍സെടുത്ത ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ക്രീസ് വിട്ടിറങ്ങി നടന്നുള്ള ഉത്തപ്പയുടെ വോക്കിംഗ് സിക്സറുകളായിരുന്നു ആ ലോകകപ്പിലെ പ്രത്യേകത.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു.ജോഗീന്ദര്‍ ശര്‍മയുടെ രണ്ടാം പന്തില്‍ തന്നെ സിക്‌സര്‍ പറത്തി മിസ്ബ പാകിസ്ഥാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍, അമിത ആവേശം വൈകാതെ താരത്തിന് വിനയായി. പിന്നിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ശ്രീശാന്ത് കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ ചരിത്ര കിരീടം ഇന്ത്യക്ക് സ്വന്തം. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ക്യാച്ച്.

കിരീടപ്പോരില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഇര്‍ഫാന്‍ പത്താനായിരുന്നു കളിയിലെ കേമന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News