PFI: എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ(NIA) അറസ്റ്റ്(Arrest) ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒരാഴ്ച്ചത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ രാജ്യത്തിനെതിരെ പ്രചരണം നയിച്ചുവെന്നും പ്രമുഖ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടതിന് തെളിവ് ലഭിച്ചുവെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.അതേ സമയം കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു.

കരമന അഷറഫ് മൗലവി ഉള്‍പ്പടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും അടക്കം അറസ്റ്റിലായ 11 പ്രതികളെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.പ്രതികളെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള എന്‍ ഐ എയുടെ അപേക്ഷ കോടതി പരിഗണിച്ചു.പ്രതികള്‍ രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് എന്‍ ഐ എ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇവര്‍ രാജ്യത്തിനെതിരെ പ്രചരണം നയിച്ചുവെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു. പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു. പിടിച്ചെടുത്ത രേഖകളില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ ഐ എ ആവശ്യപ്പെട്ടിരുന്നു.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ വിശദീകരിച്ചു. എന്‍ഐഎയുടെ ആവശ്യം പരിഗണിച്ച് പ്രതികളെ കോടതി ഈ മാസം 30വരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതേ സമയം കോടതിയില്‍ ഹാജരാക്കവെ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here