എസ്പിബിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം | S. P. Balasubrahmanyam

അനശ്വര ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം. എസ്പിബിയുടെ ഓർമകളിലാണ് ഇന്നും ആസ്വാദകരുടെ ഹൃദയ ഹാർമോണിയം.

40 വർഷത്തിനിടെ 16 ഭാഷകളിലായി 40,000 ഗാനങ്ങൾ. 74 വയസിനിടയ്ക്ക് ഒരു മനുഷ്യൻ പാടിയ സിനിമാ പാട്ടുകളുടെ എണ്ണമാണ് ഇതെന്ന് പറയുമ്പോൾ തന്നെയറിയാം ആ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യൻ (S. P. Balasubrahmanyam) അല്ലാതെ മറ്റാരുമല്ലെന്ന്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഒരു യാഥാസ്ഥിതിക തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യൻ എന്ന എസ് പി ബിയെ തമിഴനും കന്നടികനും മലയാളിയും ഹിന്ദിക്കാരനും ആന്ധാക്കാരനും ഒരു പോലെ സ്നേഹിച്ചു. അദ്ദേഹം പാടിയ പാട്ടുകളിൽ തങ്ങളുടെ സന്തോഷവും സങ്കടവും പ്രണയവും ഒതുക്കി വച്ചു.

സംഗീതം, ശാസ്ത്രീയമായി അഭ്യസിക്കാതെ തന്നെ ഇന്ത്യക്കാരുടെ മനസിൽ അദ്ദേഹം തൻറെ ചലച്ചിത്ര ഗാനങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടി. ഇന്ത്യൻ സംഗീതജ്ഞൻ, പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സിനിമാ നിർമ്മാതാവ് എന്നിങ്ങനെ സംഗീതവും സിനിമയുമായിട്ടായിരുന്നു അദ്ദേഹത്തിൻറെ സഹവാസം മുഴുവനും. എഞ്ചിനീയറിങ്ങ് പഠനം പൂർത്തിയാക്കുന്നതിനായി അദ്ദേഹം തമിഴ്നാട്ടിൽ എഎംഐഇ കോഴ്സിന് ചേർന്നു. എന്നാൽ ആന്ധ്രയിൽ നിന്ന് തമിഴ്നാട്ടിലേക്കൂള്ള വരവ് അദ്ദേഹത്തിൻറെ ജീവിത പദ്ധതികളെയെല്ലാം തകിടം മറിച്ചു.

എഞ്ചിനീയറിങ്ങിൻറെ വഴിയിൽ നിന്നും മാറി സംഗീതജ്ഞൻറെ വഴിയിലേക്ക് എസ്പിബി പതുക്കെ പതുക്കെ നടന്നുകയറുകയായിരുന്നു. 1964 ആയിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിലെ വഴിത്തിരിവ്. ചെന്നൈ ആസ്ഥാനമായുള്ള തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എസ്പിബിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. അങ്ങനെ 1966 ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയിൽ എസ് പി ബാലസുബ്രഹ്മണ്യൻ ആദ്യമായി പിന്നണി ഗായകനായി.

ഭാവഗാനങ്ങൾ പടുന്നതിൽ എസ്പിബിയ്ക്കുണ്ടായിരുന്ന കയ്യടക്കമായിരുന്നു അദ്ദേഹത്തെ ചലച്ചിത്ര പിന്നണി ശാഖയിൽ ഏറെ പ്രശ്തനാക്കിയത്. “ഷോബൻ ബാബുവിന് വേണ്ടി അദ്ദേഹം ചെയ്ത ഭാഗം ശ്രദ്ധിക്കുന്ന ആർക്കും ആ ശബ്ദത്തിലെ സാധ്യത മനസ്സിലാകും. അദ്ദേഹത്തിൻറെ ശബ്ദം എ.എം.രാജയുടെ ശബ്ദം, പിബി ശ്രീനിവാസിൻറെ മൃദുത്വം, മുഹമ്മദ് റഫിയുടെ അനായാസത എന്നിവ പോലെയായിരുന്നു.” എന്ന ചലച്ചിത്ര സംഗീത ചരിത്രകാരൻ വാമനൻറെ അഭിപ്രായം ഗായകനെന്ന നിലയിൽ എസ്പിബിയുടെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു.

വലിയ ശബ്ദഘോഷങ്ങളില്ലാതെ ഇന്ത്യയിലെ ചലച്ചിത്ര ഗാനാസ്വാദകരുടെ ഇടയിൽ നിന്ന് ഇത്രയേറെ സ്നേഹാദരം ഏറ്റുവാങ്ങിയ മറ്റൊരു ചലച്ചിത്ര പ്രവർത്തകനില്ലെന്ന് തന്നെ പറയാം. ‘പാടിയ എല്ലാ ഭാഷകളിലും എസ്പിബിക്ക് തൻറെതായ ഒരു ഇടം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെവിടെയും അദ്ദേഹം എസ്പിബി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടു. 40 വർഷത്തിനിടെ 40,000 ത്തോളം ഗാനങ്ങൾ, അതും വിവിധ ഭാഷകളിൽ റെക്കോർഡ് ചെയ്തിട്ടുള്ള ഒരു പിന്നണി ഗായകൻ മാത്രമേ ലോകത്ത് കാണുകയുള്ളൂ. വിവിധ റെക്കോർഡിംഗ് കമ്പനികൾ റെക്കോർഡ് ചെയ്ത സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കമാണിത്.

ഒറ്റ ദിവസം 19 തമിഴ് ഗാനങ്ങളും , ഒറ്റ ദിവസം കൊണ്ട് 16 ഹിന്ദി ഗാനങ്ങളും റെക്കോർഡ് ചെയ്ത റെക്കോർഡും എസ്പിബിക്ക് സ്വന്തമാണ്. നാല് വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങൾക്ക് മികച്ച പിന്നണി ഗായകനുള്ള ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ അദ്ദേഹം നേടി. ആന്ധ്രാപ്രദേശ് സർക്കാറിൻറെ 25 സംസ്ഥാന അവാർഡുകൾ അദ്ദേഹം നേടി. ആറ് ഫിലിംഫെയർ അവാർഡുകൾ സ്വന്തമാക്കി. വിവിധ സംസ്ഥാനങ്ങളുടെ നിരവധി അവാർഡുകളും അദ്ദേഹം സ്വന്തമാക്കി.

2012 ൽ ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന എൻടിആർ ദേശീയ അവാർഡ് ലഭിച്ചു. 2016 -ൽ, വെള്ളിയിൽ തീർത്ത മയിൽ ശില്പം നൽകി അദ്ദേഹത്തെ ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ എന്ന പദവി നൽകി ആദരിച്ചു. രാഷ്ട്രം 2001 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു.

2020 ആഗസ്റ്റ് 5 നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ പാട്ടുകാരന് ആദ്യമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. സെപ്തംബർ 4 ന് അദ്ദേഹത്തിന് നെഗറ്റീവ് രേഖപ്പെടുക്കിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ തന്നെ തുടർന്നു. ഒടുവിൽ, സെപ്തംബർ 24 ന് രോഗം മൂർച്ഛിക്കുകയും സെപ്തംബർ 25 ന് തൻറെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ നിരാശരാക്കി അദ്ദേഹം ഒരു നേർത്തഗാനം പാതിവഴിയിൽ പാടി നിർത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News